November 27, 2024, 9:23 pm

ലോകത്തെ ഞെട്ടിച്ച ബാങ്ക് കവർച്ച

ആൽബർട്ട് സ്പാഗിയേരി എന്ന ആളുടെ നൈസിലെ സ്റ്റുഡിയോ കെട്ടിടത്തിന് സമീപത്തായിരുന്നു സൊസൈറ്റി ജനറൽ ബാങ്ക്. ഒരു ദിവസം ബാങ്കിൽ നിൽക്കവെ ഒരു ഓവു ചാൽ ഒഴുകുന്നതിന്റെ ശബ്ദം അയാൾ കേൾക്കുകയുണ്ടായി. ബാങ്കിന്റെ സ്ഥാനത്തിന്റെ പ്രത്യേകത സ്പാഗിയേരിയുടെ നിഗൂഡ ബുദ്ധിയിൽ ഒരു തീപ്പൊരി ഉണ്ടാക്കി. ബാങ്കിന്റെ ലോക്കർ റൂം സ്ഥിതി ചെയ്യുന്നത് ഓവുചാലിന്റെ മേലെയാണെന്ന് അയാളുടെ കൂർമ്മബുദ്ധി കണ്ടെത്തി. അതോടെ അയാൾ തന്റെ മനസ്സിലുള്ള ആശയത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. ഒടുവിലൊരു നാൾ അയാൾ തന്റെ പദ്ധതി അസന്ധിഗ്ദമായി നിശ്ചയിച്ചു.തുടർന്നുള്ള ദിവസങ്ങൾ മോഷണത്തിനു വേണ്ടിയുള്ള ആലോചനകളുടേതായിരുന്നു. കൂട്ടിയും കിഴിച്ചും ഒടുവിൽ സ്പാഗിയേരി കൃത്യമായ ഒരു മാസ്റ്റർപ്ലാൻ ആവിഷ്ക്കരിച്ചു. പിന്നീട് കവർച്ചകളുടെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ബ്രില്യൻസിയായി മാറിയ രൂപരേഖയും പദ്ധതിയുമായിരുന്നു അത്. സ്പാഗിയേരി ആദ്യം ചെയ്തത് ബാങ്കിലെ ഒരു ലോക്കർ ബോക്സ് വാടകക്കെടുക്കുക എന്നതായിരുന്നു. അങ്ങനെ അയാൾ നിക്ഷേപത്തിന് എന്ന വ്യാജേന ലോക്കർ റൂമിൽ കയറി. ബുദ്ധി കൂർമ്മത കൊണ്ട് അയാൾ അകത്തളത്തിന്റെ രൂപരേഖ മനസ്സിൽ കൃത്യമായി കുറിക്കുകയും ലോക്കറിനേക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ഒരു അവബോധം ഉണ്ടാക്കി എടുക്കുകയും ചെയ്തു. തുടർന്ന് അയാൾ ഒരു ലൗഡ് അലാറo ക്ലോക്ക് ലോക്കറിനുള്ളിൽ വെച്ചു പൂട്ടി.രാത്രി കാലത്ത് അലാറം പുറപ്പെടുവിക്കുന്ന തരത്തിൽ ക്ലോക്ക് സെറ്റ് ചെയ്തു വെച്ചിരുന്നു. ക്ലോക്കിൽ നിന്നും രാത്രിയിൽ അലാറം ശബ്ദം പുറപ്പെടുവിക്കുമ്പോൾ, അസ്വഭാവികമായ എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന്റെ സുരക്ഷാ ക്രമീകരണം എങ്ങനെയായിരിക്കും എന്നും, തൽഫലമായി ലോക്കർ റൂമിൽ നിന്ന് എന്തെങ്കിലും സൈറൺ മുഴങ്ങുമോ എന്നും പരീക്ഷിക്കുകയായിരുന്നു സ്പാഗിയേരി. പിന്നീട് നിരീക്ഷണത്തിൽ നിന്നും അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്ന് അയാൾക്ക് മനസ്സിലായി. സൊസൈറ്റി ജനറൽ ബാങ്കിന്റെ ലോക്കർ റൂം, സാധാരണ ബാങ്കുകളിലേതിനേക്കാൾ കനത്ത ചുമരുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. വളരെ കരുത്തുള്ള വാതിലുകളായിരുന്നു . അതുകൊണ്ട് തന്നെ എക്സ്ട്രാ അലാം സംവിധാനത്തിന്റെ ആവശ്യകത ലോക്കർ റൂമിന് ആവശ്യമുണ്ടായിരുന്നില്ല. പദ്ദതിയുടെ ആദ്യഘട്ടം വിജയിച്ചു എന്ന് അയാൾ അനുമാനിച്ചു.തുടർന്ന് അയാൾ ബാങ്കിന്റേയും ലോക്കറിന്റേയും പ്ലാനുകൾ വിശദമായി വരക്കുകയും ഓപ്പറേഷൻ ഏതുവിധമായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്ത ശേഷം ഒരു നിഗമനത്തിലെത്തി. താൻ നേരിട്ടു മോഷണത്തിൽ പങ്കെടുക്കുന്നില്ല. തുടർന്ന്, അയാൾ നേരേ പോയത് ഫ്രാൻസിലെ മാഴ്സില്ലെസ് സിറ്റിയിലേക്കായിരുന്നു. വാടക ഗ്യാങ്ങുകളും ഗ്യാങ്സ്റ്റേഴ്സും ഒരുപാടുള്ള സ്ഥലം. അവിടുത്തെ അറിയപ്പെടുന്ന ഒരു ഗ്യാങ്ങുമായി അയാൾ കൂടിയാലോചന നടത്തി. ഈ ഗ്യാങ്ങിൽ അയാളുടെ പഴയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ വെച്ച് ആൽബേർട്ടോ സ്പാഗിയേരി തന്റെ ഡീൽ ഉറപ്പിച്ചു.രണ്ട് മാസങ്ങൾക്ക് ശേഷം 1976 July 16 ഫ്രാൻസിലെ വലിയ ആഘോഷമായ ബാസ്‌റ്റില്ലേയ് ഫെസ്റ്റിവൽ കാലമായിരുന്നു അത്. ബാങ്ക് ഒരു വാരാന്ത്യത്തോളം അടഞ്ഞു കിടന്ന സമയം. സ്പാഗിയാരിയുടെ ഗ്യാങ് അന്നേ ദിവസം ബാങ്ക് നിലവറ തകർത്ത് അതിനുള്ളിൽ കയറി. നിലവറയ്ക്കുള്ളിൽ പ്രവേശിച്ച അന്ന്, അതിനുള്ളിൽ സ്പാഗിയേരി തന്റെ ടീമിന് അതി വിശിഷ്ഠമായ ഒരു ലഞ്ച് ഒരുക്കി. തുരന്ന നിലവറച്ചുമർ അകത്തു നിന്നും വെൽഡ് ചെയ്തതിനു ശേഷം അവർ ഒരുമിച്ച് ആ നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. ഫ്രെഞ്ച് ഭക്ഷണമായ പേറ്റും (Pate) വൈനുമെല്ലാം ഒഴുകിയ ആ ലഞ്ച്, ഒരു പിക്നിക് മൂഡിലുള്ള ലഞ്ച് പോലെയായിരുന്നു.400 സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ സൊസൈറ്റി ജനറൽ ബാങ്കിന്റെ നിലവറയിലുണ്ടായിരുന്നു. സാവധാനം സമയമെടുത്ത് അവയയിലെ സാധനനങ്ങളത്രയും അവർ ചാക്കിൽ കെട്ടി. പണമായി ഏകദേശം 30-60 ദശലക്ഷം ഫ്രാങ്ക്സ് മോഷ്ടിക്കപ്പെട്ടു .ഒപ്പം അതീവ രഹസ്യങ്ങളും വിലപിടിപ്പുള്ളതുമായ ഒട്ടനവധി ഡോക്യുമെന്റുകളും വസ്തുക്കളും സ്പാഗിയേരിയുടേയും സംഘത്തിന്റേയും കയ്യിലായി.സ്പാഗിയേരി അർജന്റീനയിലേക്ക് കടക്കുകയും അവിടെ വെച്ച് മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് തിരിച്ചറിയപ്പെടാതെ ജീവിക്കുകയും ചെയ്തു എന്ന് ചിലർ പറയുന്നുണ്ട്. ഒരു പൊളിറ്റിക്കൽ കൊലപാതകവുമായി ആൽബർട്ടോ സ്പാഗിയേരിയുടെ പേരിനെ CIA ഒരിക്കൽ ബന്ധപ്പെടുത്തുകയുണ്ടായി. അമ്മയേയും ഭാര്യയേയും കാണാൻ അയാൾ പലതവണെ ഫ്രാൻസിലെത്തിയെന്ന് ഉറപ്പില്ലാത്ത ചില കിംവദന്തികളും അക്കാലത്ത് പരന്നു. ചില ഫ്രെഞ്ച് പത്രങ്ങൾ , ത്രോട്ട് കാൻസറിനെ തുടർന്ന് 1989 ജൂൺ 10 ന് അമ്മയുടെ വീടിനോട് ചേർന്ന് ആൽബേർട്ട് സ്പാഗിയേരിയുടെ ഡെഡ്ബോഡി കണ്ടെത്തി എന്ന അവിശ്വാസനീയമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടു.പക്ഷെ വാസ്തവം ഇന്നും അജ്ഞാതമാണ്. ഈ മോഷണത്തെ ആസ്പദമാക്കി നിരവധി സിനിമകൾ പിന്നീട് പുറത്തിറങ്ങി. എന്തു തന്നെയായാലും ഒരു കാലത്ത് ലോകം കണ്ട ഏറ്റവും ബ്രില്യന്റ് ബാങ്ക് കവർച്ചയുടെ സൂത്രധാരനേയും, അന്ന് കവർച്ച ചെയ്യപ്പെട്ട വലിയ സ്വത്തുക്കളും പിന്നീട് ഒരിക്കലും കണ്ടെത്തുകയേ ഉണ്ടായില്ല.

You may have missed