ചന്ദ്രയാൻ മൂന്നിന് പിന്നാലെ റഷ്യയുടെ ‘ലൂണ’
അരനൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം എത്തുന്നു. ഓഗസ്റ്റ് 11ന് റഷ്യയുടെ ചാന്ദ്ര ലാൻഡറായ ലൂണ- 25 വിക്ഷേപിക്കാനൊരുങ്ങുകയാണ്. 1976ൽ ലൂണ 24 വിക്ഷേപണത്തിന് ശേഷം രാജ്യം തുടർ വിക്ഷേപണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. മോക്‌സോയിൽ നിന്ന് 5550 കിലോമീറ്റർ അകലെയുള്ള കിഴക്ക് വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപണം.ഇന്ത്യയുടെ ചന്ദ്രയാൻ -3 ചാന്ദ്ര ലാൻഡർ ബഹിരാകാശത്തേക്ക് അയച്ച് നാലാഴ്ചയ്ക്ക് ശേഷമാണ് റഷ്യയുടെ വിക്ഷേപണം. ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 എത്തുമെന്നാണ് വിലയിരുത്തൽ. കൃത്യമായ സമയമുണ്ടെങ്കിലും, വ്യത്യസ്ത ലാൻഡിംഗ് ഏരിയകൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ രണ്ട് ദൗത്യങ്ങളും തമ്മിൽ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് ഉറപ്പുനൽകി.സോയൂസ്-2 റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നതാണ് പദ്ധതി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വർഷത്തോളം ഇത് ചന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. ദൗത്യം വിജയിക്കുകയാണെങ്കിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി കുതിക്കുന്ന ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23-നാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 എന്ന് ലാൻഡ് ചെയ്യുമെന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും റഷ്യ നടത്തിയിട്ടില്ല. ലൂണ-25 ലിഫ്റ്റ്-ഓഫിന് തയ്യാറെടുക്കുമ്പോൾ, പ്രദേശത്ത് റോക്കറ്റ് അവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യതയുള്ളതിനാൽ സമീപ ഗ്രാമത്തിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിക്കും.