നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി;ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം
തിരുവനന്തപുരം : പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനത്തിന്‍റെ ഷെഡ്യൂളിൽ മാറ്റം. പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ താത്‌കാലികമായി പിരിയും. പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ആയിരിക്കും അടുത്ത ഷെഡ്യൂൾ തുടങ്ങുക.
സെപ്റ്റംബർ 11 മുതൽ 14 വരെ വീണ്ടും ചേരാനാണ് തീരുമാനം. ഇന്നുചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുനഃക്രമീകരണം.
ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‌പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കാര്യോപദേശക സമിതി ചേർന്നത്.
സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനും നടക്കും. പ്രചാരണ പ്രവർത്തനങ്ങളിൽ എംഎൽഎമാര്‍ അടക്കമുള്ള നേതാക്കൾ സജീവമാകുമ്പോൾ നിയമസഭ സമ്മേളനം നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന പൊതു തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ്മേളന ഷെഡ്യൂളിൽ മാറ്റം വരുത്തിയത്.