പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ മൂന്ന് പേർ പിടിയില്‍

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അജയ്, കാശിനാഥൻ, കൊല്ലം സ്വദേശി അൽതാഫ് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വച്ചാണ് അജയ് അറസ്റ്റിലായത്. അജയ് കുമാറിൻ്റെയും കൂട്ടുപ്രതി കാശിനാഥൻ്റെയും അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വെറ്ററിനറി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1.30 ഓടെ ഹോസ്റ്റലിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആദ്യ നിഗമനം ആത്മഹത്യയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സിദ്ധാർത്ഥിന് മർദനമേറ്റതായി കണ്ടെത്തി. കഴിഞ്ഞ പ്രണയദിനത്തിൽ കോളജ് വിദ്യാർഥികൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടായെന്നും സുഹൃത്തുക്കളും സീനിയർമാരും ചേർന്ന് സിദ്ധാർഥിനെ മർദിച്ച് കെട്ടിത്തൂക്കിയെന്നും ആരോപണമുയർന്നിരുന്നു.