November 27, 2024, 8:14 pm

കുറുക്കനിൽ പൊളിച്ചടുക്കി അച്ഛനും മകനും

നവാഗതനായ മനോജ് രാംസിങ് തിരക്കഥയെഴുതി ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് കുറുക്കൻ . ശ്രീനിവാസൻ ,വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . മൂന്ന് വഴിയിലൂടെ സഞ്ചരിക്കുന്ന കൃഷ്ണനും ദിനേശും ഹരിയും ഒരു പ്രമാദമായ കേസുമായി ബന്ധപ്പെട്ട് ഒരു കണ്ണിയിൽ ഒത്തു ചേരുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറായ ഒരു യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നതും അത് അന്വേഷിക്കാൻ വിനീതിന്റെ കഥാപാത്രമെത്തുന്നതും തുടർന്നുവരുന്ന സംഭവങ്ങളേയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.
സിനിമയുടെ ആദ്യ ഭാഗങ്ങൾ കുറച്ച് മടുപ്പിച്ചെങ്കിലും പതിയെ ചെറിയ രീതിയിൽ ഒരു ആവേശമൊക്കെ ഉണർത്തുന്നുണ്ട്. എന്നാൽ സിനിമയുടെ ആദ്യാവസാനം വരെ ഈ ഒരു ആവേശം പ്രേക്ഷകനിൽ നിലനിർത്താൻ കുറുക്കനായില്ല. എടുത്തുപറയേണ്ടത് സിനിമയുടെ ക്ലൈമാക്സ് ആണ്. വിനീത് ശ്രീനിവാസൻ തന്നെയാണ് ക്ലൈമാക്സിൽ ഗംഭീരപ്രകടനം നടത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യവും കുറ്റാന്വേഷണവും എല്ലാം സിനിമയുടെ കഥാഗതിയിൽ നിർണായകഘടകമായി കടന്നുവരുന്നുണ്ട്.
സിനിമയുടെ ട്രെയിലർ കണ്ട് പൊട്ടിച്ചിരിക്കാനൊരുപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. സെക്കന്റ് ഹാഫിൽ അവിടവിടെ ചെറിയ ചിരികൾ സമ്മാനിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ഹ്യൂമറുകളൊന്നും വർക്കൗട്ടായില്ല എന്ന് വേണം പറയാൻ. കഥയോട് അങ്ങേയറ്റം നീതി പുലർത്താൻ പലയിടങ്ങളിലും സംവിധായകനായിട്ടില്ല. കുറുക്കന്റെ പ്ലോട്ട് നല്ല ഒഴുക്കുള്ളതാണെങ്കിലും മേക്കിങ്ങിൽ കുറച്ചു കൂടി മികവ് പുലർത്താമായിരുന്നുവെന്ന് സിനിമ കാണുന്ന പ്രേക്ഷകന് തോന്നാം.
സിനിമയുടെ തുടക്കം പോലെ തന്നെ സിനിമ അവസാനിക്കുന്നതും കോടതി മുറിയിലാണ്. മലയാളത്തിൽ ഇതുവരെ കാണാത്ത കഥയോ പ്രമേയമോ ഒന്നുമല്ല കുറുക്കന്റേതെങ്കിലും ചില സീനുകളിൽ പുതുമ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെന്ന കാര്യം എടുത്തുപറയേണ്ടതാണ്. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ ആരുടേയും ഭാഗത്തു നിന്ന് അതിഗംഭീരം എന്ന് പറയാൻ പാകത്തിനുള്ള പ്രകടനമൊന്നും ഉണ്ടായില്ല. ശ്രീനിവാസനും വിനീതും ഒന്നിച്ചെത്തുന്നുവെന്നത് തന്നെ സിനിമയുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു.
എന്നാൽ പെർഫോമൻസിലേക്കെത്തുമ്പോൾ ഒരു പരിധി വരെ രണ്ടു പേരും നിരാശപ്പെടുത്തിയെന്ന് പറയേണ്ടി വരും. ക്ലൈമാക്സിലേക്കെത്തുമ്പോഴായിരുന്നു വിനീതിന്റെയൊരു തകർപ്പൻ പ്രകടനം കാണാനായത്. വളര കുറച്ചു നേരമേ ശ്രീനിവാസൻ സ്ക്രീനിലെത്തുന്നുള്ളൂവെങ്കിലും ഏറെ നാളുകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസൻസ് ശരിക്കുമൊരു സന്തോഷം നൽകുന്നതായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ ശാരീരികാവസ്ഥകൾ കഥാപാത്രത്തിൽ നിഴലിക്കുന്നുണ്ട്. വിനീതിന്റെയും ശ്രീനിവാസന്റെയും കോമ്പോ രംഗങ്ങൾക്ക് കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. കുറച്ചുനാളുകളായി നെഗറ്റീവ് വേഷങ്ങൾ ചെയ്ത ഷൈനിന്റെ ഒരു പോസിറ്റീവ് വേഷവും കുറുക്കനിൽ കാണാനായി. മാത്രവുമല്ല ഷൈനിന്റെ പതിവ് അഭിനയശൈലിയിൽ നിന്ന് കുറച്ച് വ്യത്യസ്തതയും തോന്നി ഹരി എന്ന കഥാപാത്രത്തിന്.ശ്രീകാന്ത് മുരളിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഗൗരി നന്ദ, ശ്രുതി ജയൻ, മാളവിക, സുധീർ കരമന, അൻസിബ തുടങ്ങിയവരുടെ പെർഫോമൻസും കഥാപാത്രത്തോട് നീതി പുലർത്തി. പാട്ട്, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവയെല്ലാം സിനിമയോട് നൂറ് ശതമാനവും യോജിച്ചു തന്നെ നിന്നു. തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമയായി തോന്നിയില്ലെങ്കിലും ഒടിടിയിലെത്തുമ്പോൾ പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രമായി കുറുക്കൻ പരിഗണിക്കാം

You may have missed