കമലിനെ കാണണം എന്നതായിരുന്നു അവസാന ആഗ്രഹം! ശ്രീവിദ്യയെ കണ്ട് പൊട്ടിക്കരഞ്ഞ് കമൽ
മലയാളത്തിലും അന്യഭാഷകളിലും അടക്കം ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത അഭിനയത്രിയാണ് ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുകൊണ്ട് തെന്നിന്ത്യയുടെ ഹൃദയം കീഴടക്കാൻ ശ്രീവിദ്യക്ക് സാധിച്ചു. ശ്രീവിദ്യയുടെ അഭിനയജീവിതത്തിന് പുറമെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ശ്രീവിദ്യയെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ശ്രീവിദ്യ അവരുടെ കണ്ണുകളിൽ ഒളിപ്പിച്ച വിഷാദവും തകർന്നുപോയ അവരുടെ പ്രണയവും ദാമ്പത്യ ജീവിതവുമൊക്കെ അവരെപ്പറ്റി സംസാരിക്കുന്നവർ ഇപ്പോഴും ഓർക്കാറുണ്ട്. സിനിമാനിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാർ ബാലു ശ്രീവിദ്യയും കമലും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ശ്രീവിദ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.” ശ്രീവിദ്യ തുടക്കത്തിൽ കമലിന്റെ കൂടെ ചില സിനിമകളിൽ അഭിനയിച്ചിരുന്നു. അതിനിടയിൽ കമലിനോട് ശ്രീവിദ്യക്ക് പ്രണയം തോന്നിത്തുടങ്ങിയിരുന്നു. കമലിന് ആദ്യമൊക്കെ സിനിമ മാത്രമായിരുന്നു ലക്ഷ്യം. സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണം, അഭിനയ രംഗത്ത് വലിയ നിലയിലെത്തണം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ശ്രീവിദ്യയുടെ പ്രണയം കമൽ നിരസിച്ചിരുന്നു.
പിന്നീട് അവർ അസുഖം ബാധിച്ച് കേരളത്തിലേക്ക് പോയി. പിന്നെ അവർ തമിഴ്‌നാട്ടിലേക്ക് തിരികെ വന്നില്ല. ക്രിട്ടിക്കൽ ആണ് എന്ന വാർത്ത വന്നപ്പോഴും അവർ എവിടെയാണ് എന്നുള്ളത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അവരെ കാണാൻ ഒരുപാട് ശ്രമിച്ചു നോക്കി എങ്കിലും സാധിക്കില്ല എന്നായിരുന്നു അറിഞ്ഞത്. ശ്രീവിദ്യയ്ക്ക് നട്ടെല്ലിൽ കാൻസർ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ചുറ്റുമുള്ള വിശ്വസിക്കാൻ കൊള്ളാത്ത ആളുകളിൽ നിന്നും എങ്ങോട്ടെങ്കിലും ആരും കടന്നുവരാത്ത സ്ഥലത്തേക്ക് പോകണം എന്നായിരുന്നു അവർ ആഗ്രഹിച്ചത്” ചെയ്യാർ ബാലു പറയുന്നു.
” കമൽ ഹാസനെ കാണണം എന്നായിരുന്നു അവരുടെ അവസാന ആഗ്രഹം. അസുഖമായി പോയതിനു ശേഷം അവർ എവിടെയാണ് എന്ന് കമലിനും അറിയില്ലായിരുന്നു. അവരുടെ ഈ ആഗ്രഹം കേട്ടപ്പോൾ എല്ലാവരും അതിശയിച്ചുപോയി. ശ്രീവിദ്യയെ കണ്ട കമൽ ഷോക്കായി നിന്നുപോയി. ദേവതയെ പോലെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന ആ പെൺകുട്ടി ഉരുകി പോയി എന്നൊക്കെ പറയും പോലെ മെലിഞ്ഞ് ചുരുങ്ങി കട്ടിലിൽ കിടക്കുന്നു. ഒന്നും സംസാരിക്കാതെ കമൽ ഹാസൻ കരയാൻ തുടങ്ങി” ചെയ്യാർ ബാലു കൂട്ടിച്ചേർത്തു.