November 28, 2024, 2:10 am

2024 നെയും കൈപ്പിടിയിൽ ഒതുക്കാൻ മമ്മൂട്ടി

പുതുവർഷം പിറന്നപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിമാറി മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയുടെ പോസ്റ്റർ. വേറിട്ട വേഷത്തിൽ ആരെയും ഞെട്ടിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.

മമ്മൂട്ടിയുടെ 72 ആം ജന്മദിനത്തിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തു വന്നിരുന്നു. ഭയപ്പെടുത്തുന്ന രൂപത്തിലുള്ള മമ്മൂട്ടിയുടെ ചിത്രം ആരാധകർക്കിടയിൽ ഇതിനോടകം ചർച്ചാവിഷയം ആയിട്ടുണ്ട്. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന ‘ഭ്രമയുഗം’സിനിമയുടെ പോസ്റ്റര്‍ ലുക്ക് പുറത്തുവന്നതിനു പിന്നാലെ ദുര്‍മന്ത്രവാദിയായാണ് താരം സിനിമയിലെത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പലരും വിധേയനിലെ മമ്മൂട്ടിയുടെ വില്ലൻ വേഷവുമായി ഭ്രമയുഗം പോസ്റ്ററിനെ താരതമ്യപ്പെടുത്തി മമ്മൂട്ടി വീണ്ടും വില്ലൻ വേഷത്തിൽ എന്ന് ഉറപ്പിക്കുകയും ചെയ്തു.

അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമാണ് ആദ്യം എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത്. മമ്മൂട്ടി ഭാസ്‌കര പട്ടേലർ എന്ന ക്രൂരനായ ഒരു യജമാന വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. പ്രേക്ഷകരെ ഭയപ്പെടുത്തിയ മമ്മുട്ടിയുടെ വില്ലൻ കഥാപാത്രമായിരുന്നു അത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലെ അഹമ്മദ് ഹാജിയെന്ന വെറുക്കപ്പെട്ട ദുഷ്ട കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ല, അത് മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ല എന്ന് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം വിധിയെഴുതി. ‘പുഴു’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ജാതീയ മേല്കയോമയുടെ മൂർധന്യ ഭാവത്തെ വരച്ചു കാട്ടുന്നതാണ്. കുലമഹിമയിൽ അത്യധികം ആനന്ദം കണ്ടെത്തുന്ന മമ്മൂട്ടിയുടെ ഈ കഥാപാത്രത്തിൽ സ്വന്തം കൂടെപ്പിറപ്പിനെ പോലും ഇല്ലാതാക്കാൻ ഉള്ള ദുഷ്ടത ഉടലെടുക്കുന്നു.

വേഷങ്ങളെ ഭയപ്പെടാത്ത താരമാണ് മമ്മൂട്ടി. തന്റെ താരമൂല്യത്തെ ബാധിക്കുമെന്ന് ഭയന്ന് മറ്റേതൊരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന നിരവധി വേഷങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ട്. വേറിട്ട കഥാപാത്രങ്ങൾകൊണ്ട് 2023 ഇൽ പ്രേക്ഷക ഹൃദയം കവർന്ന താരം 2024 ലിലും സിനിമ ഇൻഡസ്ട്രിയെ ഞെട്ടിക്കാൻ ഒരുകയാണെന്ന് ആണ് റിപോർട്ടുകൾ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ച പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌.

മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് സിനിമയില്‍ മറ്റ് കേന്ദ്ര കഥാപത്രങ്ങൾ. കൊച്ചിയും ഒറ്റപ്പാലവും അതിരപ്പിള്ളിയുമാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തുമാണ് ചിത്രത്തിന്റെ നിർമാണം.

You may have missed