ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അംഗീകാരം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടായത്.കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു.
നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്.നേതൃത്വം ഏറ്റെടുക്കാൻ പാര്‍ട്ടിയിൽ നേതാക്കൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സി പി ഐ തീരുമാനിക്കുകയായിരുന്നു.പരിസ്ഥിതി ആഭിമുഖ്യമുളള നേതാവ് എന്ന നിലയിലും ബിനോയ് വിശ്വം ശ്രദ്ധേയനാണ്. വിഎസ് സർക്കാരിൻെറ കാലത്ത് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് സൈലൻറ് വാലി ബഫർസോൺ പ്രഖ്യാപിച്ചത്.