എന്താണ് വിഷാദ രോഗം ? ദുഖത്തിൽ നിന്ന് വിഷാദത്തിലേക്കുള്ള ദൂരം
ഇന്നത്തെ കാലത്ത് വിഷാദം എന്നത് അതിന്റെ പ്രാധാന്യമോ അതിനെ സംബന്ധിച്ച വിവരമോ ഇല്ലാതെ ഉപയോഗിക്കുന്ന വെറുമൊരുവാക്കു മാത്രമായി മാറിയിരിക്കുകയാണ്. അതിന്റെ പൂർണ്ണമായ അർത്ഥം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവർ വളരെ കുറവാണ്. പലരും പലപ്പോഴും സങ്കടത്തെ വിഷാദവുമായി ബന്ധപ്പെടുത്തുന്നു. ജീവിതത്തിലെ ചെറിയ ചെറിയ വിഷമ ഘട്ടങ്ങളെ പോലും വിഷാദം എന്ന ദുരവസ്ഥയുമായി കൂട്ടിച്ചേർക്കുകയാണ് പലരും. വിഷാദവും സങ്കടവും വ്യത്യസ്‌തമാണ്. ദുഃഖവും വിഷാദവും തമ്മിലുള്ള ദൂരം ഏറെയാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം. കൂടാതെ, വിഷാദം അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ തിരിച്ചറിയാമെന്നും മനസ്സിലാക്കാം. ദുഃഖം ഒരു സാധാരണ മനുഷ്യ വികാരമാണ്.
ഓരോ വ്യക്തിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വികാരം അനുഭവിക്കുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയിൽ അധികകാലം നിലനിൽക്കാത്ത ദുഃഖമുണ്ട്. ചില അസുഖകരമായ സംഭവങ്ങൾക്ക് ശേഷം ഒരു വ്യക്തിക്ക് പലപ്പോഴും ദുഃഖം അനുഭവപ്പെടുന്നു. പ്രിയപ്പെട്ട ഒരാളുടെ മരണം, ഒരു അഭിമുഖം ക്ലിയർ ചെയ്യാൻ കഴിയാത്തത്, അവന്റെ ചിന്തകൾ നിറവേറ്റാൻ കഴിയാത്തത് തുടങ്ങിയ സംഭവങ്ങൾ കാരണം ഒരു വ്യക്തിക്ക് സങ്കടം തോന്നിയേക്കാം. പക്ഷേ സങ്കടത്തിന്റെ വികാരം കാലക്രമേണ അപ്രത്യക്ഷമാകുന്നു. ദുഃഖം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ല. എന്നാൽ വിഷാദം ദുഃഖത്തിൽ നിന്ന് വളരെ വ്യത്യസ്തവും അപകടകരവുമാണ്.
ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമകളായിരുന്നു എന്നതും കാലക്രമേണ അവരതിൽ നിന്ന് മുക്തി നേടിയതുമെല്ലാം വാർത്തകളിലൂടെയൊക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ആൺ – പെൺ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്. ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ വിഷാദ രോഗികളുടെ എണ്ണവും നാൾക്കുനാൾ കൂടിവരികയാണ്. തനിക്ക് വിഷാദരോഗം പിടിപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് കൊണ്ട് മറ്റ് പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ 10 % ആൾക്കാരുടെയും യഥാർത്ഥ പ്രശ്നം വിഷാദരോഗമാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. തീരെ ചെറിയ കുട്ടികൾ മുതൽ വൃദ്ധ ജനങ്ങളെ വരെ പിടിപെടുകയും കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് വിഷാദരോഗം.
2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. വിഷാദത്തിന്റെ കൃത്യമായ കാരണം വ്യക്തമായി മനസ്സിലായിട്ടില്ലെങ്കിലും, ജീവശാസ്ത്രപരവും പാരിസ്ഥിതികവും മാനസികവും വൈകാരികവുമായ ഘടകങ്ങളുടെ സംയോജനം വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.