November 28, 2024, 12:17 pm

വണ്ടിപ്പെരിയാർ കേസ് ; അർജുന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വണ്ടിപ്പെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹർജ്ജിയും നൽകും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. പീഡന ശ്രമത്തിനിടെ ബോധംകെട്ട പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഷാളിൽ കെട്ടിത്തൂക്കിയെന്നാണു കണ്ടെത്തൽ. പൊലീസ് പ്രതി പട്ടികയിൽ ചേർക്കപ്പെട്ടിരുന്ന വ്യക്തി കോടതിവിധി വന്നതിനെ തുടർന്ന് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിൽ കേസിൽ അപ്പീൽ പോകുമെന്ന് പൊലീസും പ്രോസിക്യൂഷനും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേസിൻ്റെ ഭാവി ആശങ്കജനകമാണെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചനകൾ

You may have missed