November 28, 2024, 9:25 am

മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു.’ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പരാമര്‍ശിച്ച ‘ദ സീക്രട്ട് ഓഫ് വുമണ്‍’ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി.

റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ‘കോലാഹലം’ മികച്ച വിദേശ സിനിമക്കുള്ള പുരസ്കാരവും നേടി. ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള മുന്നൂറോളം സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിച്ചത്.മൈസൂരു മഹാരാജാസ് കോളജ് സെന്റിനറി ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കർണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബി.എ.എം.എ ഹരീഷ് മുഖ്യാതിഥിയായി. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

You may have missed