കേരളത്തിൽ വീണ്ടും കൊവിഡ് കേസുകളിൽ വർധന

വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുതുതായി 312 കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് 312 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വീണ്ടും ആശങ്കയുണർത്തുന്നതിനാൽ ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതൽ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 ,1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണവും കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിൻ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.