പ്രതിഷേധക്കാരെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലിസിന് തലവേദനയാകും. കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്ഐക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുമെന്നാണ് ഗവർണറുടെ നിലപാട്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്. സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകൾ ഉയർത്തിയിരിക്കുകയാണ് എസ്എഫ്ഐ . ചാൻസലർ ഗോ ബാക്ക്, മിസ്റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം, സംഘി ചാൻസലർ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയർത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് എഴുത്തുകൾ. സർവകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനർ സ്ഥാപിച്ചിരിക്കുന്നത്.