കോടഞ്ചേരിയിൽ യുവാവിന്റെ കൊല : മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

കോടഞ്ചേരിയിൽ നൂറാംതോട് മുട്ടിതോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ചനെ മർദ്ദിച്ചു കൊലപ്പെടുത്തിയ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭി ഇതിന്റെ ഭാര്യ സരിതയെ യാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കലിൽ ആയുർവേദ പഞ്ചകർമ്മ തെറാപ്പി കോഴ്സിന് പഠിക്കുന്ന നിതിൻ തങ്കച്ചൻ ഡിസംബർ ആറിനാണ് ക്രൂര മർദ്ദനമേറ്റ് മരിച്ചത്. മുഖ്യപ്രതി അഭിജിത്തിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി എന്ന് ആരോപിച്ചാണ് അഭിജിത്തും കൂട്ടാളികളും ചേർന്ന് വിളിച്ചുവരുത്തി കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മറ്റു പ്രതികളായ മുക്കം മൈസൂർ മല കോട്ടക്കുത്ത് മുഹമ്മദ് റാഫി, പ്രായപൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17 കാരൻ, തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ..എന്നിവരെയാണ് കോടഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവർ റിമാൻഡിൽ ആണ്.മുഖ്യപ്രതി അഭിജിത്തിന്റെ ഭാര്യ സരിതക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.