നവകേരള സദസ്സിലെത്തി കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്…
പാലക്കാട്: മുൻ ഡിസിസി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ എ വി ഗോപിനാഥ് പാലക്കാട് നവ കേരള സദസ്സിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയുടെ കാര്യങ്ങൾ അറിയിക്കാനാണ് താൻ നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്ന് എവി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നുവെന്നും എന്നാൽ താനല്ല ആഹ്വാനം ചെയ്തതെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി. തന്റെ രാഷ്ട്രീയ നിലപാട് പാർലമെന്റ് തിരഞ്ഞെടുപ്പോടെ കൂടി വ്യക്തമാക്കുമെന്നും സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യത്തിന് നാളെ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ താൻ ജ്യോത്സ്യൻ അല്ലെന്നും എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനൊപ്പം ആണ് അദ്ദേഹം പ്രഭാത യോഗത്തിന് എത്തിയത്. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ചത് തന്റേടം ഉള്ള നടപടിആണെന്നും അദ്ദേഹം പ്രതികരിച്ചു.