ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ 54മത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തു…
ജോയ് മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ “ആട്ടം” ഗോവയിൽ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) യുടെ ഭാഗമായി ഇന്ത്യൻ പനോരമ, 25 ഫീച്ചർ ഫിലിമുകളും 20 നോൺ-ഫീച്ചർ ഫിലിമുകളുമാണ് പ്രഖ്യാപിച്ചത്. ഐ.എഫ്.എഫ്.ഐ 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കും.
ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിൽ നിർമിച്ചിട്ടുള്ള ചിത്രം, ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്പെൻസുകളാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രം ഇതിനോടകം തന്നെ സിനിമ നിരീക്ഷകർക്കും ആസ്വാദകർക്കും ഇടയിൽ വലിയ പ്രതിഫലനം ഉണ്ടാക്കി കഴിഞ്ഞു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക് (ഐ.എഫ്.എഫ്.എൽ. എ) തിരഞ്ഞെടുക്കപ്പെട്ട ചിത്രം മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡും സ്വന്തമാക്കിയാണ് മടങ്ങിയത്. മികച്ച സംവിധായകൻ, (പ്രത്യേക ജൂറി) മികച്ച ശബ്ദമിശ്രണം എന്നിവയ്ക്കുള്ള 2023-ലെ ജെ.സി. ഡാനിയൽ അവാർഡ് ഉൾപ്പെടെയുള്ള ആദരണീയമായ അംഗീകാരങ്ങളും ആട്ടം നേടിയിട്ടുണ്ട്. 2023-ൽ മുംബൈയിൽ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും 28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും (ഐ.എഫ്.എഫ്.കെ) ചിത്രം പ്രദർശിപ്പിക്കും.
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ “ആട്ട”വും ഇടം പിടിച്ചിട്ടുണ്ടായിരുന്നു. സെറിൻ ശിഹാബ് , വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി വരുന്ന “ആട്ടം” ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ആണ് നിർമാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ബേസിൽ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ശബ്ദമിശ്രണം നിർവഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിൻ നായരും ചേർന്നാണ്. ശ്രീക് വാര്യരാണ് കളർ ഗ്രേഡിംഗ്.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോടൂത്സ് ആണ് നിർവഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ. നിശ്ചല ഛായാഗ്രഹണം രാഹുൽ എം. സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. അനൂപ് രാജ് എം. ആണ് ഫിനാൻസ് കൺട്രോളർ. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ്, കമ്മ്യുണിക്കേഷൻ എന്നിവ നിർവഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷൻ വിതരണം ചെയ്യുന്ന ചിത്രം 2024 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.