November 28, 2024, 1:20 am

ജോഷിയുടെ “ആന്റണി”യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്

ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന “ആന്റണി”യുടെ ടീസർ റിലീസ് ഒക്ടോബർ 19ന് .പാപ്പന്” ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി”യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യ്ക്കൊപ്പം ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. നവംബർ 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് മുൻപ് ജോജുവിനേയും ചെമ്പൻ വിനോദിനേയും നൈല ഉഷയേയും അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത “പൊറിഞ്ചു മരിയം ജോസ്” എന്ന ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് കിട്ടിയത്. വീണ്ടുമൊരു ജോഷി സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ജോജു ജോർജ് പറഞ്ഞു. ജോഷിക്കൊപ്പം കല്യാണി പ്രിയദർശന്റെ ആദ്യ ചിത്രമാണ് ‘ആന്റണി’. ഒരു പാൻ ഇന്ത്യൻ ജോഷി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു. അസാധാരണവും വ്യത്യസ്തവുമായിരിക്കും ഈ ചിത്രമെന്നാണ് കല്യാണിയുടെ വാക്കുകൾ.

രണദീവിന്റെ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയുടെ സംഗീതവുമാണ് ചിത്രത്തിലെ മറ്റ് പ്രധാന ആകർഷണങ്ങൾ. എഡിറ്റർ ശ്യാം ശശിധരൻ, ക്രിയേറ്റിവ് കോൺട്രിബ്യുട്ടർ ആർ.ജെ. ഷാൻ എന്നിവരുൾപ്പെടുന്ന വലിയൊരു ടീമാണ് ജോഷിക്കൊപ്പം അണിനിരക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിങ്ങ് ആൻ്റ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിലേതിന് സമാനമായി ഇപ്പോഴും മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്ന അപൂർവം മുതിർന്ന സംവിധായകരിൽ ഒരാളാണ് ജോഷി. ‘ആന്റണി’യുടെ അവതരണശൈലിയിൽ അദ്ദേഹം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

You may have missed