ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുമെന്നും ടീമിലെത്താന്‍ കഴിയാത്ത താരങ്ങളോട് കാരണം വിശദീകരിക്കുമെന്നും സ്‌ക്വാഡില്‍ എത്താന്‍ കഴിയാത്തത് എത്രത്തോളം വിഷമകരമായ കാര്യമാണ് എന്ന് തനിക്കറിയാം എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പിനായി ബെംഗളൂരുവില്‍ പുരോഗമിക്കുന്ന ടീം ക്യാംപിലാണ് രോഹിത് നിലവിലുള്ളത്.
ഏഷ്യാ കപ്പിനായി മാത്രമല്ല, ഏകദിന ലോകകപ്പിനായുമുള്ള കൗണ്‍ഡൗണാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബെംഗളൂരുവില്‍ പുരോഗമിക്കുന്ന പരിശീലന ക്യാംപ്. ഏഷ്യാ കപ്പ് ടീമിലെ താരങ്ങളെയാവും പ്രധാനമായും ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീം സെലക്ഷനായി പരിഗണിക്കുക എന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സ്‌ക്വാഡ് ഏറെക്കുറെ തീരുമാനമായി എന്നുവേണം കരുതാന്‍. സെപ്റ്റംബര്‍ അഞ്ചാം തിയതിയാണ് പ്രാഥമിക സ്‌ക്വാഡിന്റെ പട്ടിക ഐസിസിക്ക് സമര്‍പ്പിക്കാനുള്ള അവസാന തിയതി. സെപ്റ്റംബര്‍ 28-ാം തിയതിയോടെ ഫൈനല്‍ ലിസ്റ്റ് നല്‍കണം.
ലോകകപ്പ് മുന്നൊരുക്കങ്ങളെ കുറിച്ച് ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശദീകരിച്ചു. ‘ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പുറത്താകുന്ന താരങ്ങളോട് കാരണങ്ങള്‍ വിശദീകരിക്കാന്‍ ക്യാപ്റ്റനായ ഞാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ശ്രമിച്ചിട്ടുണ്ട്. എല്ലാ ടീം തെരഞ്ഞെടുപ്പിനും പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുപ്പിനും ശേഷം താരങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. താരങ്ങളോട് മുഖാമുഖവും വ്യക്തിഗതമായും സംസാരിക്കാന്‍ തയ്യാറാണ്’ എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെ കളിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് പ്രയാണം തുടങ്ങുക. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.