കൊച്ചിയിൽ മാലിന്യ ശേഖരണത്തിന് ക്യുആർ കോഡ്
കൊച്ചി: നഗരത്തില്‍ മാലിന്യ ശേഖരണത്തിനുളള തുക ഈടാക്കുവാന്‍ നഗരസഭ ക്യു.ആര്. കോഡും, ഇ പേയ്മെന്റ് സംവിധാനവുമെര്പ്പെടുത്തി. അഡ്വ. ദിപിന് ദിലീപ് കൗണ്‍സിലറായ പൊന്നുരുന്നി ഡിവിഷനിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഡിവിഷനിലെ ആശാ പ്രവര്‍ത്തകയും കുടുംബശ്രീ പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി ക്യു.ആര്. കോഡ് സ്ഥാപിച്ചു. ഈ വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേന മാലിന്യം ശേഖരിക്കുമ്പോള്‍ ഒഉഎഇ ബാങ്കിന്റെ സാങ്കേതികസഹായം ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും ഇനിമുതല്‍ പെയ്മെന്റ് ശേഖരിക്കുക. ക്യു. ആര്. കോഡ് സ്കാന്‍ ചെയ്താല്‍ ഓണ്‍ലൈന്‍ ആയോ പണമായോ മാസം കൊടുക്കേണ്ട യൂസര്‍ ഫീ നല്കാന് കഴിയും. ഇങ്ങനെ ശേഖരിക്കുന്ന തുക കുടുംബശ്രീ പ്രവര്‍ത്തകരുടെ കണ്സോഷ്യത്തിലേയ്ക്കാണ് പോകുന്നത്. അതില്‍ നിന്നാകും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുക്കുക. കണക്കുകള്‍ ഇതിലൂടെ കൂടുതല്‍ സുതാര്യമായി സൂക്ഷിക്കുവാനാകും. ഏതെല്ലാം വീടുകളില്‍ നിന്നാണ് മാലിന്യം ശേഖരിക്കുന്നതെന്നും, എത്ര വീടുകളില്‍ നിന്ന് പണം ലഭിക്കാനുണ്ടെന്നും അറിയാന്‍ കഴിയും. ഇതിലൂടെ മാലിന്യ ശേഖരണത്തിന്റെ കൃത്യത ഉറപ്പാക്കുവാനുമാകും.