April 19, 2025, 9:14 pm

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് ;കെ സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ചോദ്യംചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകും.മോന്‍സനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.രാവിലെ പത്തിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ത്ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. മോന്‍സന്റെ പക്കല്‍ നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്.