‘അങ്ങനെ ബ്ലോക്ക് ചെയ്യണ്ട, അർത്ഥശൂന്യം’; ആ ഫീച്ചർ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്
ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള ഒപ്ഷൻ എടുത്തുമാറ്റാനൊരുങ്ങി എക്സിന്‍റെ തലവൻ ഇലോൺ മസ്ക്. എക്സിൽ അങ്ങനെ ആരെയും ബ്ലോക്ക് ചെയ്യേണ്ടെന്ന് എക്സിന്റെ തലവൻ എലോൺ മസ്ക് പറയുന്നു. ബ്ലോക്ക് ചെയ്യൽ “അർത്ഥശൂന്യമാണ്” എന്നാണ് മസ്ക് പറയുന്നത്. പക്ഷേ ഉപയോക്താക്കള്‍ക്ക് അനാവശ്യമാ മെസെജുകൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും. കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തതിനുശേഷം മസ്ക് നടപ്പിലാക്കിയ നിരവധി മാറ്റങ്ങളിൽ ഒന്ന് മാത്രമാണ് പുതിയ നീക്കം. അതേസമയം ട്വിറ്ററിന്റെ മുൻ സ്ഥാപകനായ ജാക്ക് ഡോർസി, മസ്‌കിനെ പിന്തുണക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. “100%. നിശബ്ദത മാത്രം” എന്ന അദ്ദേഹത്തിന്റെ ട്വീറ്റ് പെട്ടെന്നാണ് ചർച്ചയായത്. ഒരു അക്കൗണ്ട് മ്യൂട്ട് ചെയ്യുന്നത് ഉപദ്രവിക്കൽ, ദുരുപയോഗം അല്ലെങ്കിൽ പിന്തുടരൽ എന്നിവയ്‌ക്കെതിരെ മതിയായ പരിരക്ഷ നൽകുന്നില്ല എന്ന ആശങ്ക ചില വ്യക്തികൾ ഉന്നയിച്ചിരുന്നു. മ്യൂട്ട് ഫംഗ്‌ഷൻ നിലവിൽ പോസ്‌റ്റുകളുടെ നോട്ടിഫിക്കേഷൻ മാത്രമേ ഓഫാക്കൂ. അതേസമയം ഒരു ഉപയോക്താവ് മസ്‌കിന്റെ തീരുമാനത്തെ “വലിയ തെറ്റ്” എന്നാണ് വിശേഷിപ്പിച്ചത്. ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുന്നത് ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ പോലുള്ള ആപ്പ് സ്റ്റോറുകളുടെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കാനിടയാക്കുമെന്ന് പറയുന്നവരും ഉണ്ട്.എക്സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ തൊഴിലുടമകളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നാൽ അവരുടെ നിയമപരമായ നടപടികൾക്കുള്ള സാമ്പത്തിക സഹായം നല്കുമെന്ന് കഴിഞ്ഞ ദിവസം മസ്ക് അറിയിച്ചിരുന്നു. തന്റെ പ്ലാറ്റ്ഫോമിൽ നിന്നുളള സാമ്പത്തിക സഹായം അൺലിമിറ്റഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പോസ്റ്റു ചെയ്യുന്നതിനോ ലൈക്ക് ചെയ്യുന്നതിനോ മോശം പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാനും അദ്ദേഹം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്ക് വെളിപ്പെടുത്തിയിരുന്നു. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്ന ഗ്രാഫിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ പേരിലെ മാറ്റവും ലോഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിനെ പുതിയ രൂപത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. എക്സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോഗോയിലുമാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്