November 28, 2024, 9:04 am

1.72 കോടിക്ക് ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ വീണയോട് മാപ്പ് പറയാമെന്ന് മാത്യു കുഴൽനാടൻ

കോട്ടയം: എക്സാ ലോജിക് കമ്പനി ഉടമ വീണാ വിജയൻ 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചതായി തെളിയിച്ചാൽ വീണയോടും പൊതുസമൂഹത്തോടും മാപ്പ് പറയാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടൻ. ഇക്കാര്യത്തിൽ സി പി എം മുതിർന്ന നേതാവ് എ കെ ബാലൻ്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. ബാലൻ വെല്ലുവിളിച്ചത് പോലെ പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും കുഴൽനാടൻ പറഞ്ഞു.അതേസമയം, ഐ ജി എസ് ടി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്നത് സി പി എം സെക്രട്ടറിയേറ്റ് സമ്മതിക്കുമോയെന്നും കുഴൽനാടൻ ചോദിച്ചു. ബാലനെ പോലുള്ള മുതിർന്ന നേതാക്കളോട് ഇതിൽ കൂടുതൽ വെല്ലുവിളിയൊന്നും നടത്തുന്നില്ല. താൻ പൊതുപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ. അതിനാൽ ആരോപണം തെറ്റായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കർത്തായുടെ സി എം ആർ എൽ കമ്പനിയിൽ നിന്ന് വാങ്ങിയ 1.72 കോടിക്ക് വീണ ഐ ജി എസ് ടി അടച്ചില്ലെന്ന് കഴിഞ്ഞ ദിവസമാണ് കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. അടച്ചെങ്കിൽ അതിന്റെ രേഖ സിപിഎം പുറത്ത് വിടുമോ. പൊളിറ്റിക്കല്‍ ഫണ്ടിംഗ് അല്ല നടന്നത്. 30 കോടി രൂപ ആണ് കേന്ദ്ര സര്‍ക്കാറിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

You may have missed