April 19, 2025, 9:14 pm

പ്രവര്‍ത്തകസമിതിയില്‍ ഇപ്പോഴും ക്ഷണിതാവ് തന്നെ; കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പുള്ള പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2004-ൽ ചെന്നിത്തല പ്രവര്‍ത്തക സമിതിയിലുണ്ടായിരുന്നു ചെന്നിത്തല. പുതിയ പ്രവര്‍ത്തക സമിതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായില്ല. പുതുപ്പള്ളിയില്‍ പ്രചാരണത്തിലായിരുന്ന ചെന്നിത്തല അവിടെനിന്ന് ഉടന്‍ മടങ്ങുമെന്നാണ് വിവരം. ഇത്തവണ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്‍പത്തെ പ്രവർത്തകസമിതിയില്‍ ഉണ്ടായിരുന്നത് ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി എന്നിവരായിരുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ തുടരുന്നുണ്ട്. 39 അംഗ പ്രവര്‍ത്തക സമിതിയേയും 18 സ്ഥിരം ക്ഷണിതാക്കളേയും ഒമ്പത് പ്രത്യേക ക്ഷണിതാക്കളേയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിച്ചത്. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേകത ക്ഷണിതാവാണ്.