വീണയെ പാര്‍ട്ടി സംരക്ഷിക്കും; മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് എ കെ ബാലന്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്.
നീതിക്കൊപ്പം എന്നും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. വീണ ഐജിഎസ്ടി ഒടുക്കത്തിന്റെ രേഖകള്‍ കാണിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കുമോയെന്നും അദേഹം ചോദിച്ചു. തെറ്റൊന്നു തെളിഞ്ഞാല്‍ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കെതിരേ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. സിഎംആര്‍എല്‍ കമ്പനിയില്‍നിന്നു വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക്, വെളിപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പണം വാങ്ങിയെന്നു മാത്യു പത്രസമ്മേളനത്തില്‍ ആരോപിച്ചു.വീണയ്ക്കു സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നാണു പുറത്തുവന്ന വിവരം. എന്നാല്‍, അതിനുപുറമേ 42.48 ലക്ഷം കൂടി എക്സാലോജിക് വാങ്ങി. സിഎംആര്‍എല്‍ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം വായ്പയും വാങ്ങി. രാഷ്ട്രീയ ഫണ്ടിങ്ങാണിതെന്ന് ആരോപിച്ച മാത്യു, ആ തുകയ്ക്കു സി.എം.ആര്‍.എല്‍. നികുതിയടച്ചതിന്റെ രേഖകള്‍ പുറത്തുവിട്ടു.രണ്ട് കമ്പനികള്‍ തമ്മില്‍ നിയമാനുസൃത കരാര്‍പ്രകാരമുള്ള സേവനത്തിനാണു വീണയുടെ കമ്പനി പണം വാങ്ങിയതെന്നു സിപിഎം പറയുന്നു. സേവനമാണെങ്കില്‍ ജി.എസ്.ടി. അടയ്ക്കണം. അതിന്റെ രേഖ സി.പി.എം. പുറത്തുവിടുമോയെന്നു മാത്യു ചോദിച്ചു. രേഖയുള്ള നികുതിവെട്ടിപ്പാണു നടന്നത്. ഇതു കണ്ടെത്തണമെന്നാവശ്യപ്പെട്ട് പത്രസമ്മേളനത്തിനിടെ മാത്യു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് ഇ-മെയിലില്‍ പരാതിയും നല്‍കി. മന്ത്രി നടപടിയെടുത്തില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റ് പല സ്ഥാനപങ്ങളില്‍നിന്നും എക്സാലോജിക്കിലേക്കു പണമെത്തിയിട്ടുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണു പുറത്തുവന്നത്. വീണയുടെ കമ്പനിയിലേക്കു വിദേശപണം എത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇക്കാര്യം നികുതി രേഖകളിലില്ല. വിദേശത്തേക്കു സേവനം നല്‍കിയിട്ടുണ്ടെങ്കില്‍ റിട്ടേണില്‍ കാണിക്കണം. 2014-ല്‍ വീണ ആരംഭിച്ച കമ്പനി മാസങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നാണു മനസിലാക്കുന്നത്.