മുഖ്യമന്ത്രി ഒരു ‘പത്രപ്പുത്ര’നല്ല, ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല- മന്ത്രി വാസവന്‍
കോട്ടയം- ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു ‘പത്രപ്പുത്ര’നല്ലെന്നും മന്ത്രി വി.എന്‍. വാസവന്‍. മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി വരേണ്ട കാര്യമില്ല. മുഖ്യമന്ത്രി ഒരു മീഡിയ മാനിയ ഉള്ള ആളല്ല. വേറെ ചില നേതാക്കന്മാര്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തും. ലൈവായി പേരും പടവും വന്നില്ലെങ്കില്‍ അവര്‍ ഔട്ട് ആകും. ഇവിടെ അങ്ങനൊരു പ്രശ്‌നമില്ല. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയും ലീഡറും എന്നും അങ്ങനെതന്നെയാണ്. അതില്‍ ആരും ഇടയ്ക്ക് കാലുവാരാനോ ചോദ്യംചെയ്യാനോ സ്ഥാനം കരസ്ഥമാക്കാനോ ഒന്നും പോകുന്ന ശൈലി ഇടതുപക്ഷ മുന്നണിയിലില്ല. പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ട്, വാസവന്‍ പറഞ്ഞു. ഒരു പത്രപ്പുത്രനായതിലൂടെ നേതാവായ ആളല്ല പിണറായി വിജയന്‍. അദ്ദേഹം ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ പരസ്യത്തിന്റെയോ ഔദാര്യം കൊണ്ട് വന്നതല്ല. നിശ്ചയദാര്‍ഢ്യത്തോടെ ഏതു പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടന്ന് മുന്നേറിയിട്ടുള്ള നേതാവാണ്. സഹനശക്തിക്ക് ഒരു ഓസ്‌കാര്‍ അവാര്‍ഡ് കൊടുക്കാന്‍ നിശ്ചയിച്ചാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിക്കാണ് അത് കിട്ടുകയെന്നും വാസവന്‍ പറഞ്ഞു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരായി എന്തെല്ലാം ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്. സ്വര്‍ണക്കടത്ത്, ബിരിയാണ് ചെമ്പ് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ അദ്ദേഹത്തിനും കുടുംബത്തിനും എതിരായി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയില്ലേ. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങള്‍ സംബന്ധിച്ച് ആധികാരികമായി പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലായേക്കാള്‍ മെച്ചപ്പെട്ട രാഷ്ട്രീയ അടിത്തറ എല്‍ഡിഎഫിന് പുതുപ്പള്ളി മണ്ഡലത്തിലുണ്ട്. ഇവിടെ എട്ടില്‍ ആറ് പഞ്ചായത്തും ഞങ്ങളാണ് ഭരിക്കുന്നത്. സഹകരണ സംഘങ്ങള്‍ മിക്കതും ഞങ്ങളാണ് ഭരിക്കുന്നത്. എല്ലാ വാര്‍ഡിലും ബൂത്തിലും പാര്‍ട്ടി കമ്മിറ്റികളുണ്ട്. ഇതൊക്കെ ഈ തിരഞ്ഞെടുപ്പില്‍ കുറേക്കൂടി മുന്നോട്ടുവരാന്‍ സഹായകരമായ ഘടകങ്ങളാണ്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഇല്ല. തിരഞ്ഞെടുപ്പില്‍ അത് വിഷയവുമല്ല. സഭകളോട് സര്‍ക്കാരിന്റെ നിലപാട് സഭാ മേലധ്യക്ഷന്‍മാരോട് വ്യക്തമാക്കിയിട്ടുണ്ട്. അവരതില്‍ സംതൃപ്തരുമാണ്, മന്ത്രി വാസവന്‍ പറഞ്ഞു.