കൈക്കൂലി വാങ്ങിയ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍
കോട്ടയം: കൈക്കൂലി വാങ്ങവെ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍ റ്റി. തോമസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കെന്ന പേരില്‍ അദ്ധ്യാപികയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശിനിയും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയുമായ പരാതിക്കാരിയുടെ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സാം ജോണ്‍ റ്റി തോമസ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈക്കൂലി നല്‍കി വേഗത്തില്‍ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു.കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരിയായ അധ്യാപിക കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്നാണ് സ്‌കൂളില്‍വെച്ച് പരാതിക്കാരിയില്‍ നിന്ന് കൈക്കൂലി വാങ്ങവെ സാം ജോണ്‍ റ്റി. തോമസ്സിനെ പിടികൂടിയത്. സംഭവവുമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.