വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞു ;അദ്ധ്യാപകനെ പിരിച്ചുവിട്ട് അണ്‍അക്കാദമി
ന്യൂഡല്‍ഹി: വിദ്യാസമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് എഡ്ടെക് കമ്പനിയായ അണ്‍അക്കാദമി അധ്യാപകനെ പിരിച്ചുവിട്ടു. ക്ലാസ് റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ കരണ്‍ സാങ്വാനെ പുറത്താക്കിയതെന്ന് അണ്‍അക്കാദമി സഹസ്ഥാപകന്‍ റോമന്‍ സൈനി പറഞ്ഞു.
”ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ആഴത്തില്‍ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാഭ്യാസ പ്ലാറ്റ്ഫോമാണ് ഞങ്ങള്‍. ഇത് ചെയ്യുന്നതിന്, ഞങ്ങളുടെ പഠിതാക്കള്‍ക്ക് നിഷ്പക്ഷമായ അറിവിലേക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഞങ്ങളുടെ എല്ലാ അധ്യാപകര്‍ക്കും ഞങ്ങള്‍ കര്‍ശനമായ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോമന്‍ സൈനി എക്സ് പോസ്റ്റില്‍ പറഞ്ഞു.”ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കേന്ദ്രബിന്ദു ഞങ്ങളുടെ പഠിതാക്കളാണ്. ക്ലാസ് റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല, കാരണം അവ തെറ്റായി സ്വാധീനിക്കും. നിലവിലെ സാഹചര്യത്തില്‍, പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ കരണ്‍ സാങ്വാനെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.എക്സില്‍ വ്യാപകമായി പങ്കിട്ട വിവാദ വീഡിയോയില്‍, പേര് മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നും നല്ല വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കണമെന്നും കരണ്‍ സാങ്വാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത് വ്യക്തമായിരുന്നു.സാങ്വാന്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചതായും വിവാദത്തിന്റെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 19 ന് പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതായും വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് വോട്ട് ചോദിക്കുന്നത് കുറ്റമാണോ എന്ന് കരണ്‍ സാങ്വാനെ പുറത്താക്കിയ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ച്രതികരിച്ചു.”വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത് കുറ്റമാണോ? ആരെങ്കിലും നിരക്ഷരനാണെങ്കില്‍, വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കും. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് നിരക്ഷരനാകാന്‍ കഴിയില്ല. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണ്. നിരക്ഷരരായ ജനപ്രതിനിധികള്‍ക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയില്ല,” കെജ്രിവാള്‍ എക്സില്‍ കുറിച്ചു.‘സത്യം പറഞ്ഞതിന് ഒരു അധ്യാപകന്‍ ശിക്ഷിക്കപ്പെട്ടു’ എന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് പ്രശാന്ത് കനോജിയ അഭിപ്രായപ്പെട്ടു. നിരക്ഷരര്‍ക്ക് വോട്ട് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു, ഇത് മോദിക്കെതിരായ ആക്രമണമാണെന്ന് ബിജെപിയുടെ ആളുകള്‍ അംഗീകരിച്ചു എന്നതിനര്‍ത്ഥം മോദി നിരക്ഷരനാണെന്ന് ബിജെപിക്കാരും വിശ്വസിക്കുന്നു, പേര് മാറ്റുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലേ? എക്സില്‍ കനോജിയ എഴുതി. ”ഇങ്ങനെ നട്ടെല്ലില്ലാത്തവരും ദുര്‍ബലരുമായ ആളുകള്‍ ഒരു വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം നടത്തുന്നത് കാണുന്നതില്‍ സങ്കടമുണ്ട്.’ അണ്‍അക്കാദമി സ്ഥാപകരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് കുറിച്ചു.