November 28, 2024, 8:29 am

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്

വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തണമെന്നാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിനടുത്തുള്ള മുണ്ടിയ റാംസര്‍ ഗ്രാമത്തില്‍ രാജീവ് ഗാന്ധി റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഒളിമ്പിക്സ് 2023 ന് കീഴിലുള്ള
ബ്ലോക്ക് തല കായിക മത്സരം സന്ദര്‍ശിച്ച  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജസ്ഥാനിലെ സ്ഥിതി നല്ലതാണ്. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ ഞങ്ങളെ സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പൊതുജനങ്ങള്‍, ദരിദ്രര്‍, ദളിതര്‍, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ കഴിവുള്ള ആളുകളെ കണ്ടെത്താനുളള അവസരമാണ് രാജീവ് ഗാന്ധി റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഒളിമ്പിക്സ് 2023 എന്ന് ഗെഹ്ലോട്ട് പറഞ്ഞു. യുവാക്കളും കായിക മേഖലയും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്നും, 2030 ഓടെ കായിക മേഖലയടക്കം എല്ലാ മേഖലകളിലും രാജസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെക്കുറിച്ചുള്ള, ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യയുടെ പരാമര്‍ശത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. 1966 മാര്‍ച്ച് 5 ന് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ ബോംബ് സ്ഫോടനം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണെന്നാണ് എക്സിലെ (twitter) ഒരു പോസ്റ്റില്‍ മാളവ്യ അവകാശപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് ഈ തീയതികള്‍ തെറ്റായിരുന്നുവെന്ന് പറഞ്ഞു. ആ വര്‍ഷം ഒക്ടോബറിലായിരുന്നു രാജേഷ് പൈലറ്റിനെ വ്യോമസേനയില്‍ നിയമിച്ചത്. മാളവ്യ വിഡ്ഢിത്തം പറയുകയാണ്. നുണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ തൊഴിലാണ്. ഇപ്പോള്‍ അദ്ദേഹം രാജ്യമെമ്പാടുമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തുറന്നുകാട്ടപ്പെട്ടു. അദ്ദേഹം ബിജെപിക്ക് സമ്പത്തല്ല, ബാധ്യതയായി മാറിയിരിക്കുന്നുവെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു

You may have missed