November 28, 2024, 8:26 am

ഹിമാചലിൽ ഉണ്ടായത് 10,000 കോടിയുടെ നഷ്ടം

ഹിമാചൽപ്രദേശിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും 10,000 കോടിയുടെ നഷ്ടം. മൺസൂൺ ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപ്പൊട്ടലാണ് സംസ്ഥാനത്തുണ്ടായത്. പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 കോടിയുടേയും ദേശീയപാത അതോറിറ്റിക്ക് 1,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് കണക്കാക്കുന്നത്. ഷിംലയിലെ സമ്മർ ഹില്ലിലെ റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയി. പേമാരി തകർത്ത സംസ്ഥാനത്തിന്റെ പുനർ നിർമാണം വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറയുന്നു. ഇതിനായി ഒരു വര്‍ഷത്തെ സമയമെങ്കിലും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷിംലയിലെ ശിവക്ഷേത്രം തകർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. ഇതോടെ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുംപെട്ട് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 74 ആയി.
ഹിമാചലിലെ ഭൂപ്രകൃതിക്കനുസൃതമല്ലാത്ത അശാസ്ത്രീയ നിർമാണപ്രവർത്തനമാണ് അടിയ്ക്കടിയുണ്ടാകുന്ന മണ്ണൊലിപ്പിന്റെ കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നും കനത്തമഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്ക് ബുധനാഴ്ചയോടെയാണ് നേരിയ ശമനമുണ്ടായത്.

You may have missed