November 28, 2024, 8:07 am

നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല; അപമാനിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകൻ ഡോ. സി യു പ്രിയേഷ് പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിലാണ് അധ്യാപകൻ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും കോളജിനകത്ത് വച്ച് തന്നെ പ്രശ്‌നം തീര്‍ക്കാനാണ് ആഗ്രഹമെന്നുമായിരുന്നു അധ്യാപകന്റെ മൊഴി. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയേഷ് നല്‍കിയ പരാതി അതേപടി കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. കാഴ്‌ചാപരിമിതിയുള്ള അധ്യാപകൻ ക്ലാസെടുക്കവേ വിദ്യാർഥികൾ അലസമായിരിക്കുകയും മുറിയിൽ കൂടി നടക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകൻ ക്ലാസിലുള്ളപ്പോൾ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ‘അറ്റൻഡൻസ് മാറ്റേഴ്‌സ് ‘ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതേതുടർന്ന് അധ്യാപകനെ അവഹേളിച്ചതിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെയുള്ള ആറു വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

You may have missed