November 28, 2024, 12:18 am

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ രണ്ടാമതായി ഇന്ത്യ

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്‍റെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഫോൺ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആർ) രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ ‘മേക്ക് ഇൻ ഇന്ത്യ’പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ 2014-2022 കാലയളവിൽ ആഭ്യന്തരമായി നിർമ്മിച്ച മൊബൈൽ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. ആഭ്യന്തരവിപണിയില്‍ വര്‍ദ്ധിച്ച മൊബൈല്‍‌ ആവശ്യകത, ഡിജിറ്റൽ സാക്ഷരതയുടെ വളര്‍ച്ച,ഉത്പാദന രംഗത്ത് സർക്കാർ പിന്തുണ എന്നിവ ഈ വളർച്ചയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികള്‍, മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്, ആത്മ-നിർഭർ ഭാരത് തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഈ നേട്ടത്തിന് കാരണമായി. സമീപ വർഷങ്ങളിലെ ഈ പദ്ധതികൾ ആഭ്യന്തരമായി മൊബൈൽ ഫോൺ നിർമ്മാണത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി പ്രാദേശിക ഉൽപ്പാദനം വഴി രാജ്യത്തിന് സാധിക്കുന്നുവെന്നാണ് കൗണ്ടർപോയിന്റിലെ റിസർച്ച് ഡയറക്ടർ തരുൺ പഥക് പറയുന്നത്. 2022 ഇന്ത്യയിൽ വിറ്റുപോയ മൊബൈൽ ഫോണുകളുടെ 98 ശതമാനവും പ്രാദേശികമായി നിർമ്മിച്ച മൊബൈലാണ്. 2014 നിലവിലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇത് 19 ശതമാനത്തിൽ നിന്ന് വമ്പന്‍ കുതിച്ചുചാട്ടമാണിത് എന്നാണ് പഥക് പറയുന്നത്.വന്‍കിട മൊബൈല്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കൊപ്പം ഇവിടെ തന്നെ ഉത്പാദനം നടത്താനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത് വലിയൊരു നയമാറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും, നിക്ഷേപവും മറ്റും സൃഷ്ടിച്ചിട്ടുണ്ട്. മൊബൈല്‍ ഉത്പാദന രംഗത്തെ ഈ വിജയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സെമി കണ്ടക്ടര്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യയെ ഒരു ആഗോള ഹബ്ബ് അക്കാനുള്ള ശ്രമത്തിന് തുടക്കമിടാന്‍ കാരണമാക്കിയത് എന്നാണ് പഥക് പറയുന്നത്. ഇന്ത്യയിലെ നഗര ഗ്രാമ ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുന്ന രീതിയില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം കൂടിയേക്കാം. അതിനൊപ്പം ഇന്ത്യ മൊബൈല്‍ ഉത്പാദന രംഗത്തെ പ്രധാന ശക്തിയായി ഇന്ത്യമാറാനുള്ള സാധ്യതയും ഇത് തുറന്നിടുന്നുണ്ട് – പഥക് പറഞ്ഞു.

You may have missed