November 27, 2024, 11:05 pm

കുട്ടികളുടെ ലോകത്തെ ബാർബിയുടെ പിന്നിലെ യഥാർത്ഥ കഥ

‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ കഴിയില്ല. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ഗാനമായിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം.എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം പ്ലാസ്റ്റിക്കല്ലെന്നും , അതല്ല അതിശയകരമായ സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്‌ അമേരിക്കയിൽ 1916 ൽ റൂത് മരിയാന ഹാൻഡ്‌ലർ എന്നൊരു പെൺകുട്ടി ജനിച്ചു അവൾ വളർന്നു അവൾക്ക് എലിയറ്റ് എന്ന കാമുകനുണ്ടായി. അയാൾക്കു വളരെ നന്നായി മരത്തിന്റെ ഉരുപ്പടികൾ ഉണ്ടാക്കാനറിയാമായിരുന്നു. വീട്ടുകാരിയായിരുന്നെങ്കിലും റൂത്തിന് കച്ചവടം ചെയ്യാൻ പല ആശയങ്ങളുമുണ്ടായിരുന്നു. എലിയറ്റിന്റെ കരവിരുതും റൂത്തിന്റെ ബുദ്ധിയും ചേർത്ത് അവർ ചെറിയ കച്ചവടം തുടങ്ങി അവർ പ്ലാസ്റ്റിക്ക് ഒഴിവാക്കിയുള്ള ഫർണിച്ചറുകളുണ്ടാക്കി. വില കുറഞ്ഞ മരത്തടി ഉപയോഗിച്ച് ഉപകരണങ്ങൾ വലിയ ലാഭമായി അങ്ങനെ റൂത്തിന്റെയും എലിയറ്റിന്റെയും കച്ചവടം പച്ചപിടിച്ചു. കമ്പനിയിൽ ഹാരോൾഡ്‌ മാറ്റ് എന്നൊരു സുഹൃത്തുകൂടി ഉണ്ടായിരുന്നു . അങ്ങനെ ഇവർ മൂന്നുപേരും ചേർന്നൊരു കമ്പനിയുണ്ടാക്കി. മാറ്റിന്റെയും എലിയറ്റിന്റെയും പേരിലെ അക്ഷരങ്ങൾ ചേർത്തു കമ്പനിക്കു മാറ്റെൽ (MATTEL) എന്നു പേരിട്ടു. അന്നു റൂത്തിന്റെ പേരു ചേർത്ത് ഒരു ബ്രാൻഡ് ഉണ്ടാക്കാൻ അവർക്കു സാധിക്കാതെ പോയി! കമ്പനിയുടെ ആശയം റൂത്തിന്റേതായിരുന്നിട്ടും പേരിനു പോലും റൂത്തില്ലാത്തൊരു കമ്പനിയായി അതു റജിസ്റ്റർ ചെയ്യപ്പെട്ടു. രണ്ടാം ലോക യുദ്ധകാലത്തു മാറ്റെലിന്റെ വീട്ടുപകരണ നിർമാണം നഷ്ടത്തിലേക്കു പോയി ഒരിക്കൽ മകൾ ബാർബറ കടലാസുകൊണ്ടു വലിയ പെൺ പാവയുണ്ടാക്കി കളിക്കുന്നതു റൂത്ത് കണ്ടു ആ കാലത്തു കുഞ്ഞാവപ്പാവകളായിരുന്നു കുട്ടികൾക്കു പൊതുവേ കളിക്കാനുണ്ടായിരുന്നത് ബർബറയുടെ പാവ കണ്ടപ്പോളാണ് വലിയ സ്ത്രീപാവകളെ ഉണ്ടാക്കാം എന്ന ആശയം റൂത്തിനു ലഭിച്ചത് . നിർമ്മിച്ച പാവകൾക്ക് മകളുടെ പേരുതന്നെയിട്ടു; ബാർബി. പിന്നീട് ലോകം ആ പാവകൾക്ക് ഉടുപ്പു തയ്പ്പിച്ചു ,വീടുണ്ടാക്കി, അവരോടൊപ്പം കളിച്ചു വളർന്നു. പിന്നീട് റൂത്തിന് മകനുണ്ടായി. ശേഷം അവന്റെ പേരിൽ ആൺപാവകൾ ഉണ്ടാക്കി. പേര് കെൻ. ബാർബിയുടെ കൂട്ടുകാരൻ പാവബാർബിയുടെ പേരിൽ വൻ കച്ചവടമാണ് അന്ന് നടന്നത്. 1960 കൾ ആയപ്പോഴേക്കും ലോകത്ത് പലയിടത്തായി ബാർബികളെയും കെന്നിനയും നിർമിക്കുന്ന ഫാക്ടറികൾ വന്നു. ആയിരക്കണക്കിനു പേർക്കു തൊഴിൽ കിട്ടി കോടിക്കണക്കിനു ഡോളറിന്റെ കച്ചവടം നടന്നു. ആഴ്ച തോറും വരുന്ന 25,000ത്തിലധികം ആരാധക കത്തുകൾക്കു മറുപടി അയയ്ക്കാൻ പോലും പ്രത്യേക വകുപ്പുതന്നെ കമ്പനിക്കുണ്ടായി. പക്ഷേ, അത്ര സുന്ദരമായിരുന്നില്ല റൂത്തിന്റെ ഭാവി. കാലം റൂത്തിനു കാത്തുവച്ചത് സ്തനാർബുദമായിരുന്നു. ഒരു സ്തനം മുറിച്ചു മാറ്റേണ്ടി വന്നു അതിനുശേഷം റൂത്തിനു ബിസിനസിൽ പഴയതുപോലെ ഇടപെടാനായില്ല. പല പ്രധാന തീരുമാനങ്ങളിൽനിന്നും കമ്പനി റൂത്തിനെ മാറ്റി നിർത്തി.1959 മാർച്ച് 9നാണ് ആദ്യ‌ ബാർബി വിപണിയിൽ എത്തിയത്. അന്നുമുതൽ ബാർബി പാവകൾ‌ ഡോക്റാ‌യും പൈലറ്റായും ശാസ്തശാസ്ത്രജ്ഞയായുമെല്ലാം അണിനിരന്നു. പക്ഷേ, ആ പാവകളത്രയും സ്വർണമുടിയുള്ള വെളുത്തുതുടുത്ത, അഴകളവുകളിൽ മെലിഞ്ഞ സർവാങ്ക സുന്ദരി പാവകളായിരുന്നു.1980-കളിലാണ് മാറ്റെൽ കറുത്ത പാവയെ ഉണ്ടാക്കുന്നത്. അതിനു ലഭിച്ച സ്വീകാര്യതയിൽ അവർ ലോകത്തോടു കൂടുതൽ കരുതലുള്ളവരായി.കറുത്തവരും ചുരുണ്ട മുടിയുള്ളവരും തടിച്ചവരും സാധാരണമാണെന്നു ബാർബി മനസ്സലാക്കി കൊടുത്തു . ഡൗൺ സിൻഡ്രമുള്ള സ്ത്രീയുടെ രൂപത്തിലുള്ള ബാർബിയും വിപണിയിലിറക്കിയിട്ടുണ്ട് മാറ്റെൽ. ലിറ്റിൽ വുമൺ, ലേഡി ബേർഡ് തുടങ്ങിയ സിനിമകളുടെ സംവിധായികയും നടിയുമായ ഗ്രെറ്റ ഗേർവിഗും അവരുടെ പങ്കാളിയായ സംവിധായകനുമായ നോവ ബൗംബാകും ചേർന്നാണ് ‘ബാർബി ‘എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.സിനിമ തുടങ്ങുന്നതു തന്നെ പെൺകോയ്മയുള്ള, തുറന്ന വീടുകളുള്ള പിങ്ക് ലോകത്താണ്.അവിടെ സ്ത്രീകളാണ് നേതാക്കക്കൾ, സ്‌ത്രീകളാണ് പ്രധാന ജോലികൾ ചെയ്യുന്നത്. സ്ത്രീകളുടേതാണു രാത്രികൾ. അവിടെ കെൻ കൂട്ടം ഉണ്ട് പക്ഷെ ,അധികാരത്തിനു പുറത്താണ്. അതൊരു സാങ്കൽപിക ലോകമാണെന്ന് പ്രേക്ഷകർക്കു മനസ്സിലാക്കാൻ ഇതിലും നല്ല ഗിമ്മിക്കുകൾ ഒന്നും ആവശ്യമില്ല. ശേഷം ബാർബിലോകത്തേക്കു തിരിച്ചെത്തിയ ബാർബിയെ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് പിന്നീട്. മനുഷ്യരുടെ ലോകത്തുനിന്ന് കണ്ടു പഠിച്ച ആൺകോയ്മ കെൻ അവിടെ പ്രയോഗിച്ചിരിക്കുന്നു. ലക്ഷണമൊത്ത ബാർബിയായി മാർഗോ റോബിയും കെൻ ആയി റയാൻ ഗോസ്‌ലിങ്ങും അഭിനയിക്കുന്നു.ഒടുവിൽ റൂത്തിൽനിന്നു ബാർബി തിരിച്ചറിയുകയാണ് ആരുടെയെങ്കിലും ആശയത്തിലെ സ്ത്രീ ആവുകയല്ല, യഥാർഥ സ്ത്രീ . യഥാർഥ സ്ത്രീയായി സ്വന്തം ആശയത്തിൽ ജീവിക്കുകയാണു വേണ്ടതെന്ന്.ഇപ്പോൾ ബാർബി എന്ന് ഗൂഗിളിൽ തിരഞ്ഞു നോക്കുകയാണെങ്കിൽ ഗൂഗിൾ ഡൂഡിൽ പിങ്ക് നിറമാകും. അതെ, ഇടയ്ക്കൊക്കെ ലോകം പിങ്കുമാണ്. ആണും പെണ്ണും ഒരേ വിതാനത്തിൽ പരിഗണിക്കപ്പെടുന്ന ലോകമാണു സുന്ദരമെന്നു ബാർബിയെന്ന സിനിമ വിളിച്ചു പറയുന്നു.

You may have missed