അപൂർവ്വ കാഴ്ച്ചകൾ നിറച്ച ഭൂമിയിലെ ‘അന്യഗ്രഹ’ ദ്വീപ്
ചന്ദ്രനിലേക്കു ചന്ദ്രയാനെ അയച്ച് ജീവന്റെ തുടിപ്പുവരെ അന്വേഷിക്കാനും പഠിക്കാനും കഴിയുന്ന ഈ കാലത്ത് ഭൂമിയിലെ ‘അന്യഗ്രഹ ദ്വീപിനെ’ക്കുറിച്ചുകൂടി അറിഞ്ഞിരിക്കാം. അന്യഗ്രഹത്തിൽ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് തോന്നിപ്പിക്കുന്ന കാഴ്ചകളുള്ള ഒരു ദ്വീപാണ് സോകോത്ര എന്ന ഏലിയൻ എഫക്റ്റ്സ് നിറഞ്ഞ ദ്വീപ് . റിപ്പബ്ലിക് ഓഫ് യെമനിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ് സോകോത്ര. പലരും ഈ ദ്വീപുകളെ ‘അന്യഗ്രഹം’ എന്നുo നിഗൂഢതയുടെ നാടെന്നുമാണ് മുദ്രകുത്തിയിരിക്കുന്നത് . പീഠഭൂമികളും അപൂർവ്വവും വിരളവുമായ ചെടികളും മരങ്ങളുമുള്ള ഒരു തരിശായ പർവത ഭൂപ്രകൃതിയാണ് ഇത്. എന്നുകരുതി ഇവിടെ ആൾത്താമസമില്ലെന്നു കരുതരുത്. ഏകദേശം 60,000 ആളുകൾ ഈ ദ്വീപിൽ വസിക്കുന്നുണ്ട്.ജൈവവൈവിധ്യ സമ്പന്നമായ ഈ പ്രദേശത്ത് കൊടും ചൂടും കനത്ത വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. ഇവിടുത്തെ സസ്യജന്തുജാലങ്ങൾ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതുകൊണ്ടാകാം ഈ നാടിന് വിചിത്രമായ ഭൂപ്രകൃതി വന്നതെന്ന് പറയപ്പെടുന്നു. 20 ദശലക്ഷം വർഷത്തിലേറെയായി ഭൂമിയിൽ നിലനിൽക്കുന്ന സസ്യങ്ങൾ ഉൾപ്പെടെ 1,000 തനതായ ജന്തുജാലങ്ങളും 825 അപൂർവ്വ ഇനം സസ്യജാലങ്ങളും ഇവിടെയുണ്ട്. ദ്വീപിന്റെ ദൂരത്തുനിന്നുള്ള കാഴ്ച അമ്പരപ്പിക്കും. ഇത് ഭൂമിയിൽ തന്നെയാണോ എന്ന് സംശയിക്കും വിധമാണ് അവിടുത്തെ പ്രകൃതി.വലിയ ചെങ്കുത്തായ മലകൾ , കുന്നുകൾ ,. പരന്നുകിടക്കുന്ന പീഠഭൂമികൾ, ഒപ്പം തന്നെ കുട നിവർത്തിവച്ചിരിക്കുന്നതുപോലെയുള്ള മരങ്ങളും തലകുത്തിനിൽക്കുന്ന ആനയെപ്പോലെ തോന്നിപ്പിക്കുന്ന ചെടികളുമെല്ലാം ദ്വീപിലുണ്ട്.
ചോരയൊഴുകുന്ന മരവും ആനക്കാൽ പോലെയുള്ള ചെടികളും…
ഗൂഗിളിൽ സോകോത്ര എന്ന് സെർച്ച് ചെയ്താൽ ആദ്യം തന്നെ വരുന്ന ചിത്രങ്ങളാണ് ഇത്. സൊകോത്രയുടെ സസ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഡ്രാഗൺസ് ബ്ലഡ് ട്രീ (ഡ്രാകേന സിന്നബാരി), ഇത് വിചിത്രമായ കുടയുടെ ആകൃതിയിലുള്ള വൃക്ഷമാണ്. അതിന്റെ ചുവന്ന സ്രവം പുരാതന കാലത്തു വ്യാളിയുടെ രക്തമാണെന്ന് കരുതപ്പെട്ടിരുന്നു . ഇത് ഒരു കാലത്ത് മധ്യകാല മാന്ത്രികവിദ്യയിൽ ഉപയോഗിച്ചിരുന്നു . രക്ത നിറമുള്ള റെസിൻ എന്ന ഈ മരക്കറ പണ്ട് ഒരു ചായമായും ഇന്ന് പെയിന്റും വാർണിഷും നിർമിക്കാനും ഉപയോഗിക്കുന്നു.ഔഷധമായും സൗന്ദര്യവർദ്ധക വസ്തുക്കളായും ഉപയോഗിച്ചിരുന്ന കറ്റാർവാഴകളും പുരാതന കാലം തൊട്ടേ ഉണ്ടായിരുന്നതാണത്രേ. മറ്റൊരു ശ്രദ്ധേയമായ സസ്യമാണ് “ഡെസേർട്ട് റോസ് ട്രീ” (ജനിതക നാമം അഡെനിയം ഒബീസിയം). ആനകളുടെകാലുകൾ പോലെ ആകർഷകമായ ആകൃതിയാണ് മരത്തിനുള്ളത്.
ചരിത്രം….
സൊകോത്ര എന്ന പേരിന് സംസ്‌കൃത പദമായ ” ദ്വിപ-സഖദാര ” എന്ന പദവുമായി ബന്ധമുണ്ട്, അതായതു സ്വർഗം അല്ലെങ്കിൽ ആനന്ദത്തിന്റെ വാസസ്ഥലം എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം . വ്യത്യസ്ത ഐതിഹ്യങ്ങളിൽ ദ്വീപിനെക്കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ആദ്യകാലങ്ങളിൽ തദ്ദേശീയർ ക്രിസ്ത്യാനികളായിരുന്നു. പതിനേഴാം നൂറ്റാണ്ടു മുതൽ കാലങ്ങളോളം, യെമനിലെ മഹ്‌റ സുൽത്താന്മാർ ദ്വീപു ഭരിച്ചു. 1967 ൽ സോകോത്ര ഏകീകൃത യെമന്റെ ഭാഗമായിത്തീർന്നതോടെ സുൽത്താൻഭരണം അവസാനിച്ചു. അലക്സാണ്ടർ ചക്രവർത്തി, മാർക്കോപോളോ, സാഹസിക സഞ്ചാരിയായ സിൻബാദ് എന്നിവരെയും ഈ ദ്വീപ് മോഹിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു റഷ്യൻ പുരാവസ്തു സംഘം, 2010 ൽ, ദ്വീപിൽ ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് രണ്ടാം നൂറ്റാണ്ടിലേതാണ് എന്ന് കരുതപ്പെടുന്നു. ബൈബിളിൽ പരാമർശിക്കുന്ന ഏദൻതോട്ടം സോകോത്രയാണെന്നാണ് ഇവർ അനുമാനിക്കുന്നത്.