ഓപ്പൺഹൈമറായി ഷാരൂഖ്
അണുബോംബിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതവും വ്യക്തിത്വത്തെയും എടുത്ത് കാണിക്കുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമാണ് ‘ ഓപ്പൺഹൈമർ’ . ചിത്രം ആഗോള ശ്രദ്ധയാകര്‍ഷിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ ഇത് ബോളീവുഡിലാണ് റിലീസ് ചെയ്യുന്നതെങ്കില്‍ എങ്ങിനെയാരിക്കും എന്ന് വിഭാവനം ചെയ്യുകയാണ് ഒരു കലാകാരന്‍. ‘ഓപ്പൺഹൈമർ’ ഇന്ത്യയിലായിരുന്നു നിര്‍മിച്ചതെങ്കില്‍ ആരെല്ലാമായിരിക്കും അഭിനേതാക്കളായി എത്തുക എന്ന് ആർട്ടിസ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുനസൃഷ്ടിച്ചിരിക്കുന്നത്. വൈൽഡ് ട്രാൻസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ട ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.
ഷാരൂഖ് ഖാനെ റോബർട്ട് ഓപ്പൺഹൈമറായും നസീറുദ്ദീൻ ഷായെ ആൽബർട്ട് ഐൻസ്റ്റീനായും അനുഷ്‌ക ശർമ്മയെ ഓപ്പൺഹൈമറിന്റെ ഭാര്യയായ കിറ്റി ഓപ്പൺഹൈമറായുമായാണ് എഐ ഉപയോഗിച്ച് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഓപ്പൺഹൈമറുടെ കാമുകിയും ഭൗതികശാസ്ത്രജ്ഞനയുമായ ജീൻ ടാറ്റ്‌ലോക്ക് എന്ന കഥാപാത്രമായി ആലിയ ഭട്ടും അമേരിക്കൻ വ്യവസായി ലൂയിസ് സ്ട്രോസായി അനുപം ഖേർ, ലെസ്ലി ഗ്രോവ്‌സ് ആയി ആമിർ ഖാന്‍, ഡേവിഡ് ഹില്ലായി രാജ്കുമാർ റാവു എന്നിവരും എഐ നിര്‍മിത ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. വൈറലായതോടെ ഇന്‍റര്‍നെറ്റ് നിറയെ പ്രശംസയാണ് ചിത്രങ്ങള്‍ നേടുന്നത്. ഷാറൂഖ് അല്ലാതെ മറ്റൊരാൾക്ക് ഇന്ത്യയില്‍ ഓപ്പൺഹൈമറെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് നെറ്റിസണ്‍സ് അവകാശപ്പെടുന്നത്. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇന്ത്യൻ താരനിരയുമായി ഒരുങ്ങുന്ന ഓപ്പൺഹൈമർ ഒരു സിനിമാറ്റിക് മാസ്റ്റർപീസ് ആയിരിക്കും എന്നെഴുതിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.