November 28, 2024, 1:15 am

‘നിരഞ്ജൻ ആകേണ്ടിയിരുന്നത് തമിഴ് നടൻ,മോഹൻലാലിലേക്ക് എത്തിയത് അങ്ങനെ’: സിബി മലയിൽ

രഞ്ജിത്ത് തിരക്കഥ എഴുതിയ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമകളിൽ ഒന്നാണ്. ഈ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്.മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു നിരഞ്ജൻ എന്ന കഥാപാത്രം.ഇപ്പോഴിതാ നിരഞ്ജൻ ആകാൻ ആദ്യം ആലോചിച്ചത് തമിഴിലെ രണ്ട് നടന്മാരെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ. മഞ്ജു വാര്യർ അവതരിപ്പിച്ചത് അഭിരാമി എന്ന നിഗൂഢതയുള്ള പെണ്‍കുട്ടിയെ ആണ്. ഈ നിഗൂഢത വെളിപ്പെടുത്തുന്ന നിരഞ്ജന്‍ എന്ന കഥാപാത്രം സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ നില്‍ത്താവുന്ന ഒരാളാവണം എന്ന് തീരുമാനിച്ചിരുന്നുവെന്ന് സിബി മലയിൽ പറയുന്നു.

സിബി മലയിലിന്റെ വാക്കുകൾ

”സുരേഷ് ഗോപിയെക്കാളും ജയറാമിനെക്കാളും മുകളില്‍ നില്‍ക്കുന്ന ഒരു ആക്ടര്‍ വേണം ഈ കഥാപാത്രം ചെയ്യേണ്ടത് എന്ന ധാരണയുണ്ടായിരുന്നു. ആ കഥാപാത്രത്തിലേക്ക് പലരേയും ചിന്തിച്ചു. രജനികാന്തിനെയും കമല്‍ഹാസനയും സമീപിക്കാം എന്ന് ആലോചിച്ചിരുന്നു. മോഹന്‍ലാല്‍ ഉള്ളപ്പോള്‍ എന്താണ് അങ്ങനെ ചിന്തിക്കുന്നത് മോഹന്‍ലാലിലേക്ക് പോയാല്‍ പോരെ എന്ന് പിന്നീട് ചിന്തിച്ചു. അങ്ങനെ മോഹന്‍ലാലിനെ തന്നെ വിളിക്കാമെന്ന് തീരുമാനിച്ചു.
ലാല്‍ ആ സമയത്ത് ജിന്‍ഡാല്‍ എന്ന ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ആണ്. ഞാനും രഞ്ജിത്തും കൂടി ബാംഗ്ലൂരില്‍ ചെന്നു. ലാലിനെ കണ്ട് കഥ പറഞ്ഞു. രണ്ട് ദിവസത്തെ ആവശ്യമെ ഉള്ളൂ അദ്ദേഹത്തെ കൊണ്ട്. ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. മദ്രാസിലെ റെഡ് ഹില്‍സ് എന്ന സ്ഥലത്ത് ചുവപ്പ് കളറിലുള്ള ഒരു പഴയ ബില്‍ഡിംഗ് ഉണ്ട്. അതാണ് ജയിലായി കാണിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നും ഞങ്ങള്‍ ഒഴിവാക്കിയ രണ്ട് രംഗങ്ങള്‍ കൂടിയുണ്ട്. മഞ്ജുവും മോഹൻലാലും തമ്മിലുള്ള ഫാന്റസി ലെവലിൽ ഉള്ളൊരു ​രം​ഗം ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് മികച്ച രീതിയില്‍ എത്തിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. സിനിമ തിയറ്ററില്‍ എത്തി ആദ്യ ഷോ കഴിയുന്നത് വരെയും ഇങ്ങനെ ഒരു അതിഥി താരമായി ഏറ്റവും വലിയ നടൻ വരുന്നു എന്ന കാര്യം പൂർണമായും ഹൈഡ് ചെയ്യാൻ പറ്റി. ഇന്നത്തെ കാലത്ത് അത് സാധ്യമായ കാര്യമല്ല. മോഹൻലാലിന്റെ സാന്നിധ്യം പ്രേക്ഷകർ വല്ലാതെ അങ്ങേറ്റെടുക്കുകയും ചെയ്തു.”

You may have missed