November 28, 2024, 12:14 am

കാർത്തിയുടെ വമ്പൻ ഹിറ്റ് ചിത്രം ‘സര്‍ദാർ’രണ്ടാം ഭാഗം വരുന്നു

കാര്‍ത്തി സോളോ നായകനായി ഏറ്റവും ഒടുവിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാർ’. തിയേറ്ററുകളില്‍ വൻ ഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതിന്‍റെ ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകർ. ആദ്യ ഭാഗം ഒരുക്കിയ പിഎസ് മിത്രനാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുക.യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുക എന്നാണ് വിവരം. ജിവി പ്രകാശ് കുമാർ ആയിരുന്നു ആദ്യ ഭാഗത്തിന്‍റെ സംഗീത സംവിധായകൻ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മൂന്നാം തവണയാണ് യുവൻ ശങ്കര്‍ രാജയും പി എസ് മിത്രനും കൈകോർക്കുന്നത്. നേരത്തെ ‘ഇരുമ്പ് തിരൈ, ഹീറോ’ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.
അതേസമയം പുതിയ ചിത്രത്തിന്‍റെ പ്രമേയത്തെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. ‘സർദാർ 2’ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ചും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ‘സർദാറി’ന്‍റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകർ.സംവിധായകൻ പി എസ് മിത്രൻ തന്നെയാണ് ‘സര്‍ദാര്‍’ ആദ്യ ഭാഗത്തിനായി തിരക്കഥയും എഴുതിയത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ലക്ഷ്‌മണ്‍ കുമാറായിരുന്നു ചിത്രത്തിന്‍റെ നിർമാണം. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ഫോർച്യൂൺ സിനിമാസ് ആണ്.’വിരുമൻ’, ‘സർദാർ’, ‘പൊന്നിയിൻ സെല്‍വൻ’, എന്നിങ്ങനെ സമീപ കാലത്ത് തിയേറ്ററുകളില്‍ എത്തിയ കാർത്തി ചിത്രങ്ങളെല്ലാം തകര്‍പ്പൻ വിജയം നേടിയിരുന്നു. ‘സർദാറി’ൽ ചന്ദ്രബോസ്, വിജയ് പ്രകാശ് എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് താരം എത്തിയത്. റോ ഏജന്‍റായുള്ള കാർത്തിയുടെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാർത്തിയുടെ വ്യത്യസ്‌ത ഗെറ്റപ്പും കയ്യടി നേടിയിരുന്നു. രണ്ടാം ഭാഗത്തിലും ഇരട്ട വേഷത്തിലാകും താരം എത്തുക. അച്ഛനും മകനും ആയുള്ള കാർത്തിയുടെ പ്രകടനം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.റാഷി ഖന്ന, രജിഷ വിജയൻ, ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരാണ് ആദ്യ ഭാഗത്ത് കാർത്തിയെ കൂടാതെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.

You may have missed