November 28, 2024, 2:18 am

ഓണക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് പാലിന് രണ്ടര രൂപ അധികം നല്‍കും

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഈ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 2.50 രൂപ വീതം അധികവില നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ അറിയിച്ചു. ഇതില്‍ രണ്ട് രൂപ കര്‍ഷകര്‍ക്കും 50 പൈസ ക്ഷീരസംഘത്തിനുമാണ് ലഭിക്കുക. 2023 ജൂണില്‍ സംഘങ്ങള്‍ യൂണിയന് നല്‍കിയ പാലിന്‍റെ അളവിന് ആനുപാതികമായി ആയിരിക്കും ഇന്‍സെന്‍റീവ് നല്‍കുക.

ലാഭത്തിന്‍റെ പ്രയോജനം പൂര്‍ണമായും പ്രാഥമിക സംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ ഈ വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാസുരാംഗന്‍ പറഞ്ഞു. കാലിത്തൊഴുത്ത് നവീകരണത്തിന് 15,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം സബ്സിഡി നിരക്കില്‍ കൗമാറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 20 കൃത്രിമ ബീജാധാന കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. ഈ ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയാണ് യൂണിയന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may have missed