‘റൊസാലിയ ലോംബാർഡോ’; ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി
റൊസാലിയ ലോംബാർഡോ, നൂറ് വർഷം മുൻപ് മരിച്ച ഈ രണ്ട് വയസുകാരിയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി എന്നറിയപ്പെടുന്ന കുഞ്ഞ്. ലോകത്തിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മമ്മികളിൽ വച്ച് ഏറ്റവും ഭംഗിയുള്ളത് റൊസാലിയുടേതാണ് എന്നാണ് റിപ്പോർട്ടുകൾ. ന്യുമോണിയ ബാധിച്ച്, 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പാണ് റൊസാലിയ മരിച്ചത്. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ ആളുകളിൽ വ്യാപകമായി പിടിപെട്ടിരുന്ന സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയെ തുടർന്നുണ്ടായ ന്യുമോണിയ ആണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് വിദഗ്ധർ പറയുന്നത്.ഇറ്റലിയിലെ വടക്കൻ സിസിലിയുടെ തലസ്ഥാനമായ പലേർമോയിലെ കപ്പൂച്ചിൻ ഭൂഗർഭ അറയിലാണ് റൊസാലിയയുടെ ശരീരം കണ്ണാടികൊണ്ടുള്ള ശവപ്പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നത്. നൂറ് വർഷം പിന്നിട്ടിട്ടും റൊസാലിയയെ കാണാൻ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. പാതി അടഞ്ഞ കണ്ണുകളോടെയാണ് റൊസാലിയോ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നത്. 8000ല്‍ അധികം മമ്മികൾ കപ്പൂച്ചിൻ കല്ലറയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും റൊസാലിയയെ പോലെ ആരും ഇതുവരെ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ പെൺകുട്ടിയുടെ മൃതശരീരം മാത്രം ഇത്രയും വർഷം പിന്നിട്ടിട്ടും കേടുപാടുകൾ കൂടാതെയും ഭംഗിയോടെയും കാണപ്പെടുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. റൊസാലിയയുടെ മൃതശരീരത്തിന് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ശവപ്പെട്ടിയിൽ നൈട്രജൻ നിറച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ന്യുമോണിയ ബാധിച്ച് റൊസാലിയ മരണപ്പെട്ടപ്പോൾ അവളുടെ പിതാവ് വളരെ ദുഃഖിതനായി. തന്റെ കുഞ്ഞിനെ എക്കാലവും കണ്ടിരിക്കാൻ ഒരു എംബാമറുടെ സഹായം തേടി. തുടർന്ന് സിസിലിയൻ ടാക്സിഡെർമിസ്റ്റും എംബാമറുമായ ആല്‍ഫ്രെഡോ സലാഫിയയാണ് റൊസാലിയയെ മനോഹരിയായ മമ്മിയാക്കിയത്. ഒരു നൂറ്റാണ്ടിനുശേഷവും അവളുടെ ആന്തരികാവയവങ്ങൾ കേടുകൂടാതെയാണ് ഇരിക്കുന്നത്. റൊസാലിയയുടെ ചർമ്മം ഇപ്പോഴും മിനുസമാർന്നതും ജീവനുള്ള പോലെയുമാണ് ഉള്ളത്. കൂടാതെ സ്വർണ്ണ മുടി ഒരു വലിയ ക്ലിപ്പ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട് . സുന്ദരമായ കൺപീലികൾക്കിടയിലൂടെ പുറത്തേക്ക് കാണാൻ സാധിക്കുന്ന റൊസാലിയയുടെ നീല ക്രിസ്റ്റൽ നിറമുള്ള കൃഷ്ണമണികൾ ഇപ്പോഴും സന്ദർശകരെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.‘പലേർമോയിലെ സ്ലീപ്പിംഗ് ബ്യൂട്ടി’ എന്നാണ് റൊസാലിയ അറിയപ്പെടുന്നത് തന്നെ. സിങ്ക് കൊണ്ടുള്ള ഒരു മിശ്രിതം ആണ് ആല്‍ഫ്രെഡോ റൊസാലിയയുടെ ശരീരം ജീവനുള്ളതായി തോന്നിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്. മാത്രമല്ല, റൊസാലിയോ ഉറക്കത്തിൽ നിന്ന് ഉണരുന്നതായോ ഉറക്കത്തിലേക്ക് പോകുന്നതായോ തോന്നിപ്പിക്കാനായി ആല്‍ഫ്രെഡോ റൊസാലിയയുടെ കണ്ണുകൾ പകുതി അടച്ചിരുന്നതായും ചില കണ്ടെത്തലുകളിൽ പറയുന്നുണ്ട്.റൊസാലിയ പ്രേതബാധയുള്ള പെൺകുട്ടിയാണെന്നാണ് സിസിലിയിൽ വ്യാപകമായ മറ്റൊരു കഥ. മൃതദേഹം വ്യാജ മെഴുക് പകർപ്പാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ പെൺകുട്ടി തങ്ങളുടെ നേരെ കണ്ണടച്ചു എന്നായിരുന്നു ചിലരുടെ അവകാശവാദം. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കല്ലറയും റൊസാലിയെയും ശവകുടീരവയും കാണാൻ വിദേശികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ചരിത്രവുമായി ബന്ധപ്പെട്ട ഒരു ചാനൽ ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിനായി റൊസാലിയയുടെ ശരീരത്തിൽ നടത്തിയ വിവിധ പരിശോധനകളിലൂടെ ആളുകൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.100 വർഷത്തിന് ശേഷവും പെൺകുട്ടിയുടെ അസ്ഥികൂടത്തിനും മറ്റ് അവയവങ്ങൾക്കും യാതൊരു തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് എക്സറേയിലൂടെയും സ്കാനിങ്ങിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റൊസാലിയയുടെ മസ്തിഷ്കം യഥാർത്ഥ വലുപ്പത്തിൽ നിന്നും അൻപത് ശതമാനമായി ചുരുങ്ങിയിരുന്നു. 2009ൽ പിയോംബിനോ – മസ്കലി കണ്ടെത്തിയ ഒരു കയ്യെഴുത്തുപ്രതിയിൽ റൊസാലിയയുടെ എംബാമിംഗ് പ്രക്രിയയുടെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. റൊസാലിയയുടെ പൂർണമായി സംരക്ഷിക്കപ്പെട്ട മൃതശരീരത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ കാരണം ഇറ്റലിയിലെ ഇതിഹാസങ്ങളുടെ പട്ടികയില്‍ തന്നെ ഇടം പിടിച്ചിരിക്കുകയാണ് ഈ പെൺകുഞ്ഞ്.നിലവിൽ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കപ്പൂച്ചിൻ ഭൂഗർഭ കല്ലറ. ജീവിച്ചിരിക്കുന്നവർ മരിച്ചവരെ കണ്ടുമുട്ടുന്ന സ്ഥലമായി കണക്കാക്കപ്പെടുന്ന കല്ലറയിൽ ഏകദേശം 8,000 മൃതദേഹങ്ങളും 1,284 മമ്മികളുമുണ്ട്. കല്ലറയിലെ ഏറ്റവും പ്രായം കുറഞ്ഞ മമ്മിയാണ് റൊസാലിയുടേത്.