November 27, 2024, 11:07 pm

മിയാകെ–ജിമ ദ്വീപ്; മാസ്ക് ധരിച്ചില്ലെങ്കില്‍ ഫലം മരണം

കൊറോണ കാലത്ത് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ വസ്തുവാണ് മാസ്ക്. രോഗം പി‌ടിപെടാതിരിക്കുവാനും വൈറസ് പകരാതിരിക്കുവാനും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ ഇതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ജപ്പാനിലെ മിയാകെ-ജിമ ദ്വീപ് വാസികള്‍. സാധാരണ മാസ്ക് അല്ല, ഉപയോഗിക്കുവാന്‍ പോലും വളരെ ബുദ്ധിമു‌ട്ടുള്ള ഗ്യാസ് മാസ്ക് ആണ് ഇവി‌‌ടെ ആളുകള്‍ക്ക് ഉപയോഗിക്കേണ്ടത്.
ഈ ദ്വീപിലേക്ക് എത്തുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഗ്യാസ് മാസ്ക് അണിഞ്ഞ ആളുകളായിരിക്കും. ഇവി‌ടെ എവി‌ടെ നോക്കിയാലും ഗ്യാസ് മാസ്ക് ധരിക്കാത്ത ഒരാളെ പോലും കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. നേരി‌ട്ട് മുഖം കാണുവാന്‍ പലര്‍ക്കും ആഗ്രഹം കാണുമെങ്കിലും ഇവി‌ടെ ഈ മിയാകെ-ജിമ ദ്വീപില്‍ മാസ്ക് ഊരിയാല്‍ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണെന്നു അറിയുന്നതിനാല്‍ ആരും പുറത്ത് മാസ്ക് ഊരിമാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുക പോലുമില്ല.

മിയാകെ-ജിമ ദ്വീപ്

ജപ്പാനിലെ ഹോൺഷുവിന്റെ തെക്കുകിഴക്കായാണ് മിയാകെ-ജിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ടോക്കിയോയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് ഈ ദ്വീപുള്ളത്.55.50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപില്‍ ജീവിക്കുക എന്നത് പലപ്പോഴും ഇവിടുള്ളവര്‍ക്ക് പോലും എളുപ്പമുള്ള കാര്യമല്ല. ഗ്യാസ് മാസ്ക് ധരിച്ച്, വിഷവാതകങ്ങള്‍ ശ്വസിക്കാതെ ജീവിക്കേണ്ട ഇവിടം ലോകത്ത് വസിക്കുവാന്‍ ബുദ്ധിമു‌ട്ടുള്ള ഒരിടം കൂടിയാണ്.തു‌‌‌ടര്‍ച്ചയായ അഗ്നിപർവ്വത സ്ഫോ‌ടനങ്ങള്‍ കാരണം ഉയര്‍ന്ന അളവില്‍ ദോഷകരമായ വിഷവാതകം ഇവി‌ടെ അന്തരീക്ഷത്തിലുണ്ട്. അപകടകരമായ സാഹചര്യത്തില്‍ പോലും 2884 ആളുകളാണ് ഇവി‌ടെ വസിക്കുന്നത്.ഇസു ദ്വീപ് ഗ്രൂപ്പിലെ മറ്റ് ദ്വീപുകളെപ്പോലെ മിയാകെ-ജിമയും ഫുജി-ഹാക്കോൺ-ഇസു ദേശീയ പാർക്കിന്റെ ഭാഗമാണ്.

ചരിത്രത്തില്‍

അഗ്നി പര്‍വ്വത മേഖലയായ ഇസു ദേശീയ പാർക്കിന്റെ ഭാഗമാണ് ഈ ദ്വീപ്. ഈ ദ്വീപിലെ പ്രധാന അഗ്നി പര്‍വ്വതമാണ് മൗണ്ട് ഒയാമ. ഒരു സജീവ അഗ്നി പര്‍വ്വതമായ ഇത് ദ്വീപിന്‍റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.അഗ്നിപർവ്വതം ചരിത്രത്തിലുടനീളം നിരവധി തവണ പൊട്ടിത്തെറിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, നാര കാലഘട്ടത്തിലെ രേഖകളിൽ ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. മെജി കാലഘട്ടത്തിന്റെ ആരംഭം മുതൽ അഞ്ച് തവണ ഉൾപ്പെടെ കഴിഞ്ഞ 500 വർഷത്തിനിടയിൽ, 13 തവണ ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 1940 ലെ ഒരു ലാവാ പ്രവാഹത്തില്‍ 11 പേരാണ് മരിച്ചത് മറ്റ് പൊട്ടിത്തെറികൾ 1962 ലും 1983 ലും സംഭവിച്ചു.അഗ്നി പര്‍വ്വത സ്ഫോ‌‌ടനം സംഭവിക്കുന്ന ഇ‌‌ടമായിരുന്നെങ്കില്‍ കൂ‌ടിയും 2000 ല്‍ ആണ് ദ്വീപിന്റെ അന്നുവരെയുണ്ടായിരുന്ന ജീവിതാവസ്ഥ മാറിമറിയുന്നത്. 2000 ജൂലൈ 14 ന് ഒയാമ പർവതം പൊട്ടിത്തെറിച്ചതിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദ്വീപ് സാക്ഷ്യം വഹിച്ച പതിനേഴായിരത്തിലധികം ഭൂചലനങ്ങളുടെ പരിണിത ഫലമായിരുന്നു ഈ പൊട്ടിത്തെറി. സ്ഫോ‌‌ടനത്തിന്‍റെ കാഠിന്യത്തെത്തു‌ടര്‍ന്ന് ആദ്യ കുറേ ദിവസങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടേക്ക് എത്തിച്ചേരുവാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഒപ്പം തന്നെ ഈ ദിവസങ്ങളില്‍ വിമാന സര്‍വ്വീസ് പോലും ഇവി‌ടെ നിർത്തിവയ്‌ക്കേണ്ടവന്നു. ആ സമയങ്ങളില്‍ വിഷകരമായ സള്‍ഫര്‍ ഡയോക്സൈഡ് വാതകം സ്ഫോടനത്തിന്റെ ഫലമായി അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്തേയ്ക്ക് വന്നുകൊണ്ടേയിരുന്നു. തു‌ടര്‍ന്ന് ഇവിടുത്തെ ആളുകളെ ജപ്പാന്‍ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇന്നും വിഷകരമായ പല വാതകങ്ങളും ഇതില്‍ നിന്നും വമിക്കുന്നുണ്ട്.

വിവാഹം മുതല്‍ പാര്‍ട്ടി വരെ മാസ്കില്‍

ഇവി‌ടെ സുരക്ഷാ കാരണങ്ങളാല്‍ ഒഴിപ്പിക്കപ്പെട്ടുവെങ്കിലും തങ്ങളു‌ടെ ജന്മനാ‌‌‌‌‌ട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഇവിടെ നിന്നും പോയ ആളുകളുടെ ആവശ്യം. 2005 ഫെബ്രുവരി 1 ന് സ്ഥിരമായി ഇവിടേക്ക് മടങ്ങാൻ താമസക്കാരെ അനുവദിച്ചു.തിരികെ ഇവിടെ എത്തിയെങ്കിലും സുരക്ഷയെ തുടര്‍ന്ന് ദ്വീപിലെ താമസക്കാർ‌ക്ക് എല്ലായ്‌പ്പോഴും ഗ്യാസ് മാസ്കുകൾ‌ ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇപ്പോഴും ചെറിയ അളവിലാണെങ്കില്‍ കൂടിയും വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. അതിനാല്‍ തന്നെ മാസ്ക് ധരിക്കാതെ ഇവി‌ടെ ആരും പുറത്തിറങ്ങാറില്ല.സാധാരണ പോലെ തന്നെ എല്ലാ കാര്യങ്ങളും ആഘോഷിക്കുന്നവരാണ് ഇവിടെയുള്ളവരും. എന്നാല്‍ മാസ്ക് ധരിക്കാത്ത ആഘോഷങ്ങള്‍ ഇവര്‍ക്കില്ല. വിവാഹമാണെങ്കിലും പിറന്നാല്‍ പാര്‍‌ട്ടിയാണെങ്കിലും ആഘോഷങ്ങള്‍ക്കൊപ്പം ഇവര്‍ മാസ്കും ധരിക്കും.
ഈ അഗ്നിപർവ്വതത്തിൽ നിന്നുള്ള അഗ്നിപർവ്വത വാതകങ്ങൾ അളക്കുന്നത് ഒരു മൾട്ടി-കോമ്പോണന്റ് ഗ്യാസ് അനലൈസർ സിസ്റ്റമാണ്, ഇത് വർദ്ധിച്ചുവരുന്ന മാഗ്മകളുടെ പൊട്ടിത്തെറിക്കുന്ന ഡീഗാസ്സിംഗ് കണ്ടെത്തുകയും അഗ്നിപർവ്വത പ്രവർത്തനത്തിന്റെ പ്രവചനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

മാസ്ക് ടൂറിസം

തങ്ങളുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായ മാസ്കിനെ ഉപയോഗിച്ച് മിയാകെ-ജിമ ദ്വീപു വാസികള്‍ വരുമാനം കണ്ടെത്തുന്നു. മാസ്ക് ടൂറിസം ഇവിടെ വളരെ പ്രചാരം നേടിയ ഒന്നാണ് . ജപ്പാനില്‍ നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ ഇവിടെ എത്തന്നു. ജപ്പാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇത് ഇന്ന് . ഇവി‌ടെ എത്തിയാല്‍ ഗ്യാസ് മാസ്ക് ക‌ടകളില്‍ നിന്നും മേടിച്ച് അത് ധരിച്ച് വേണം ദ്വീപില്‍ പ്രവേശിക്കുവാന്‍. ‌ടോക്കിയോടില്‍ നിന്നും വിമാനത്തിലോ ബോട്ടിലോ ഇവിടേക്ക് വരാം.കാണുവാനേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. ചതുരാകൃതിയിലുള്ള ഇസു-മിസാക്കി ലൈറ്റ്ഹൗസ് സമുദ്രത്തോട് ചേർന്ന് നിൽക്കുകയും സമുദ്രത്തിന്റെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നല്ല തെളിഞ്ഞ പകല്‍ ആണെങ്കില്‍ ഫുജി പര്‍വ്വതത്തിന്റെ കാഴ്ചയും ഇവിടെ നിന്നും കാണാം.

You may have missed