April 19, 2025, 3:55 pm

തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി

തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 10ലേക്ക് മാറ്റി.കടുത്ത ചൂടിനെ തുടർന്ന് സ്‌കൂൾ തുറക്കുന്നതിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ ഡയറക്ടർ അലി ബോവ്‌ലി അറിയിച്ചു. നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനാണ്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെ സ്‌കൂളുകൾ തുറക്കുന്നത് ഉഷ്ണ തരംഗത്തെ തുടർന്ന് ജൂൺ 12ലേക്ക് മാറ്റി. പിഎംകെ സ്ഥാപകൻ ഡോ. എസ് രാമദാസും ടിഎംസി (എം) പ്രസിഡൻ്റ് ജികെ വാസനും സ്‌കൂളുകൾ തുറക്കുന്നത് നീട്ടണമെന്ന് നേരത്തെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലെ 7,000 സ്വകാര്യ സ്‌കൂളുകളിൽ 20 ശതമാനവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ നവീകരിച്ചിട്ടില്ല. 1500 സ്‌കൂളുകൾ വിവിധ തടസ്സങ്ങൾ കാരണം നവീകരിച്ചില്ല. കെട്ടിട പെർമിറ്റ്, ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സഹിതം സ്വകാര്യ സ്‌കൂളുകൾ ഓരോ മൂന്നു വർഷത്തിലും പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കണം.