April 19, 2025, 9:26 pm

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജസ്റ്റിസ് മേരി തോമസിന്റെ സിം​ഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. 97 വോട്ടിനാണ് വാഴൂർ സോമൻ പീരുമേട്ടിൽ നിന്ന് ജയിച്ചത്. സിപിഐയുടെ ബിജിമോൾ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ് പീരുമേട് . വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്. സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കോടതിയിൽ വാദിച്ചത്.