പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രജ്വൽ രേവണ്ണ തിരിച്ചെത്തി
ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ഈ ഫോണുകളിൽ നിന്നല്ല ദൃശ്യങ്ങൾ പകർത്തിയതെന്നും ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.
ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലര്‍ച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രജ്വലിൽ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റടക്കം മറ്റ് യാത്രാ രേഖകളും എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. പ്രജ്വലിന്റെ ഇ- മെയിൽ, ക്ലൌഡ് അക്കൗണ്ടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നേരത്തേ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് ജാമ്യഹർജി നൽകുന്നതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിനിടെ, ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യഹർജിയിൽ ബെംഗളൂരുവിലെ സെഷൻസ് കോടതി ഇന്ന് വിധി പറയും.