കുഞ്ചാക്കോ ബോബന്‍റെ ‘പദ്‌മിനി’ ഇനി ഒടിടിയില്‍; റിലീസ് തീയതി പുറത്ത്
കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്‌മിനി. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്‌റ്റ് 11നാണ് നെറ്റ്‌ഫ്ലിക്‌സിലെത്തുക. തിയേറ്റര്‍ റിലീസിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്.സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്‌ത പുതിയ ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്വന്തം സിനിമയ്‌ക്ക് വേണ്ടി ചാക്കോച്ചന്‍ ഗാനം ആലപിക്കുകയും ചെയ്‌തിരുന്നു. ‘പദ്‌മിനി’യിലെ ‘ലൗ യൂ മുത്തേ’ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ പാടിയത്.ചാക്കോച്ചനും വിദ്യാധരന്‍ മാസ്‌റ്ററും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ‘ലൗ യൂ മുത്തേ’ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ‘ആൽമര കാക്ക’, ‘പദ്‌മിനിയെ’ എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍. ‘പദ്‌മിനി’യുടേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ഒരു മുഴുനീള എന്‍റര്‍ടെയ്‌നര്‍ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. നര്‍മ പ്രാധാന്യമുള്ള ചിത്രം പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. കുഞ്ചാക്കോ ബോബന്‍, മഡോണ സെബാസ്റ്റ്യന്‍ , അപര്‍ണ ബാലമുരളി , വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ഗണപതി, സീമ ജി നായര്‍, സജിന്‍ ചെറുകയില്‍, ഗോകുലന്‍, ആനന്ദ് മന്‍മഥന്‍ എന്നിവരും അഭിനയിച്ചിരുന്നു. ‘കുഞ്ഞിരാമായണ’ത്തിന്‍റെ തിരക്കഥാകൃത്താണ് ദീപു പ്രദീപ് ആണ് ‘പദ്‌മിനി’ക്ക് വേണ്ടിയും തിരക്കഥ ഒരുക്കിയത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണവും മനു ആന്‍റണി എഡിറ്റിംഗും നിര്‍വഹിച്ചു. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ് കൃഷ്‌ണ, സുവിന്‍ കെ വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് – വിഷ്‌ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, അസോസിയേറ്റ് എഡിറ്റര്‍ – അമല്‍ ആന്‍റണി, കലാസംവിധാനം – അര്‍ശാദ് നക്കോത്ത്, കോസ്റ്റ്യൂം ഡിസൈനര്‍ – ഗായത്രി കിഷോര്‍, മേക്കപ്പ് – രഞ്ജിത്ത് മണലിപറമ്പില്‍, പോസ്‌റ്റര്‍ ഡിസൈന്‍ – യെല്ലോടൂത്ത്‌സ്, പോസ്‌റ്റ് സ്‌റ്റില്‍സ് – ഷിജിന്‍ പി രാജ്, പോസ്‌റ്റ് പ്രൊഡക്ഷന്‍ കൊ ഓര്‍ഡിനേറ്റര്‍ – അര്‍ജുനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം എന്നിവരും നിര്‍വഹിച്ചു.
അതേസമയം ‘പദ്‌മിനി’ തിയേറ്ററുകളില്‍ വിജയിച്ചെങ്കിലും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയ്‌ക്കായി രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബന്‍ പ്രൊമോഷനില്‍ പങ്കെടുക്കാതെ വഞ്ചിച്ചെന്നായിരുന്നു ‘പദ്‌മിനി’യുടെ നിര്‍മാതാക്കളുടെ വാദം. സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ നടന് ആവശ്യം, കൂട്ടുകാര്‍ക്കൊപ്പം യൂറോപ്പില്‍ പോയി ഉല്ലസിക്കുന്നതിനായിരുന്നു എന്നാണ് നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കിയുടെ പരാതി.