‘കുഷി’യുടെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട , സാമന്ത റൂത്ത് പ്രഭു ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്‍റിക് ഡ്രാമ ചിത്രമാണ് കുഷി . റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. 2023 സെപ്‌റ്റംബര്‍ ഒന്നിനാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത്.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. കുഷിയുടെ ട്രെയിലര്‍ റിലീസിനെ കുറിച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്. ഓഗസ്‌റ്റ് ഒമ്പതിനാണ് ‘കുഷി’യുടെ ട്രെയിലര്‍ പുറത്തിറങ്ങുക. സിനിമയില്‍ നിന്നുള്ള മനോഹരമായൊരു പ്രണയ നിമിഷത്തിന്‍റെ പോസ്‌റ്ററും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.സാമന്തയും വിജയ് ദേവരകൊണ്ടയുമാണ് പോസ്‌റ്ററില്‍. വിജയ്‌യുടെ മടിയില്‍ ഇരിക്കുന്ന സാമന്തയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്‌ട്രി ബിഗ് സ്‌ക്രീനില്‍ കാണാനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും ഈ റൊമാന്‍റിക് ട്രാക്കിന് ആരാധകരില്‍ നിന്നും ഊഷ്‌മളമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗാനം ട്രെന്‍ഡിങിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ഇപ്പോള്‍ ഗാനം. തുര്‍ക്കിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.അടുത്തിടെ ‘കുഷി’യുടെ ടൈറ്റിൽ ട്രാക്കും പുറത്തിറങ്ങിയിരുന്നു. ടൈറ്റില്‍ ട്രാക്കിന്‍റെ തെലുഗു, തമിഴ്, മലയാളം, ഹിന്ദി എന്നീ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും പ്രണയ നിമിഷങ്ങളാണ് ടൈറ്റില്‍ ട്രാക്കിലുള്ളത്. മനോഹരമായ വര്‍ണ്ണാഭമായ വസ്‌ത്രങ്ങള്‍ ധരിച്ച്, ഇരുതാരങ്ങളും പരസ്‌പരം മതിമറന്ന് സ്‌നേഹിക്കുന്ന ഈ ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.ജൂലൈ 28ന് റിലീസായ ഈ ഗാനത്തിന് 11 ദശലക്ഷത്തിലധികം വ്യൂസ് ആണ് യൂട്യൂബില്‍ നിന്നും ലഭിച്ചത്. ശിവ നിർവാണയുടെ ഗാന രചനയില്‍ ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് ടൈറ്റില്‍ ട്രാക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ബ്രിന്ദ മാസ്റ്ററാണ് കൊറിയോഗ്രാഫി.
‘കുഷി’യിലൂടെ ഇതാദ്യമായല്ല സാമന്തയും വിജയ് ദേവരകൊണ്ടയും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ‘മഹാനടി’യിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ഇരുവരുടെയും രണ്ടാമത്തെ ചിത്രമാണ് ‘കുഷി’.വിജയ് ദേവരകൊണ്ട, സാമന്ത എന്നിവരെ കൂടാതെ മലയാളി താരം ജയറാമും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. കശ്‌മീര്‍ ആയിരുന്നു ‘കുഷി’യുടെ പ്രധാന ലൊക്കേഷന്‍. 30 ദിവസത്തെ ഷൂട്ടിങായിരുന്നു കശ്‌മീരീല്‍. കൂടാതെ ദാല്‍ തടാകം, പഹല്‍ഗാം, സോനാമാര്‍ഗ്, ഗുല്‍മാര്‍ഗ് എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു.ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ശിവ നിർവാണയാണ് സിനിമയുടെ സംവിധാനം. ‘മജിലി’, ‘ടക്ക് ജഗദീഷ്’, ‘നിന്നു കോരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ശിവ നിര്‍വാണ.
മൈത്രി മുവി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം. ‘പുഷ്‌പ’യ്‌ക്ക് ശേഷം മൈത്രി മുവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ‘കുഷി’. മുരളി ജിയാണ് ഛായാഗ്രഹണം.