മിന്നും ജയം;മലേഷ്യയെ തകർത്ത് ഇന്ത്യ സെമിയിലേക്ക്
ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ വിജയവഴിയിൽ തിരിച്ചെത്തിയ ഇന്ത്യ സെമി ഫൈനൽ ഏറക്കുറെ ഉറപ്പാക്കി. മൂന്നാം മത്സരത്തിൽ കരുത്തരായ മലേഷ്യക്കെതിരെ 5-0ത്തിനായിരുന്നു ജയം. ഇതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ (ഏഴ്) വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ ക്വാർട്ടർ അവസാന നേരം കാർത്തി ഷെൽവമാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. രണ്ടാം ക്വാർട്ടർ ഗോൾ രഹിതമായതോടെ ആദ്യ പകുതി 1-0. മൂന്നാം ക്വാർട്ടറിൽ ഹാർദിക് സിങ്ങും ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ലക്ഷ്യം കണ്ടു. അവസാന ക്വാർട്ടറിൽ ഗുർജന്ദ് സിങ്, ജുഗ്രാജ് സിങ് എന്നിവരും സ്കോർ ചെയ്തു.മറ്റു മത്സരങ്ങളിൽ പാകിസ്താനും ജപ്പാനും 3-3നും ,ചൈനയും ദക്ഷിണ കൊറിയയും 1-1നും സമനിലയിൽ പിരിഞ്ഞു. എല്ലാ ടീമുകൾക്കും രണ്ടു വീതം മത്സരങ്ങൾ ബാക്കിയുണ്ട്. ആറിൽ ആദ്യ നാലു ടീമുകൾക്ക് സെമി ഫൈനലിൽ കടക്കാം. മലേഷ്യ (ആറ്), കൊറിയ (അഞ്ച്), ജപ്പാൻ (രണ്ട്), പാകിസ്താൻ (രണ്ട്), ചൈന (ഒന്ന്) എന്നിങ്ങനെയാണ് നിലവിൽ പോയന്റ് നില.