പ്രകൃതി അണിയിച്ചൊരുക്കിയ താമസക്കാർ ഒഴിഞ്ഞു പോയ ഒരു ഗ്രാമം
നമ്മൾ പ്രകൃതിയിൽ കയ്യേറ്റങ്ങൾ നടത്തുമ്പോൾ ദുരന്തങ്ങളായി പലതും സംഭവിക്കാറുണ്ട്. കടലാക്രമണവും, മണ്ണിടിച്ചിലും, തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്. പലതും മനുഷ്യന്റെ പ്രവൃത്തികളുടെ അനന്തര ഫലമാണെന്ന് മാത്രം. അതുപോലെ ആളുകൾ കാടുത്തെളിച്ചും, മരംവെട്ടിയുമൊക്കെ ഒരുക്കിയെടുത്ത ഗ്രാമം പ്രകൃതി അതിമനോഹരമായ രീതിയിൽ തിരിച്ചുപിടിച്ചിരിക്കുകയാണ്. ആളുകൾ ഉപേക്ഷിച്ച് പോയ സ്ഥലത്തേക്ക് പച്ചപ്പ് മടങ്ങിയെത്തുകയായിരുന്നു.ലോകത്ത് ഏറ്റവും ഭംഗിയുള്ളതും അതിശയകരവുമായ പച്ച ഗ്രാമമായി ചൈനയിലെ ഹൗട്ടോവാൻ തനിയെ മാറുകയായിരുന്നു. കാരണം ഒട്ടുമിക്ക കെട്ടിടങ്ങളും വീടുകളും പച്ചപ്പാർന്നതാണ്. ആളുകൾ ഈ സ്ഥലം ഉപേക്ഷിച്ച് പോയതോടെയാണ് പ്രകൃതി വീടുകളിലേക്ക് അതിമനോഹരമായി പടർന്നുകയറിയത്. ചൈനയിലെ ഷാങ്ഹായിയുടെ കിഴക്കുഭാഗത്തുള്ള ഷെങ്‌ഷാൻ ദ്വീപിൽ, രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന ഗ്രാമത്തിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഇപ്പോഴും താമസിക്കുന്നുള്ളൂ.
എന്നാൽ എല്ലാ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഹൗട്ടോവാൻ സന്ദർശിക്കുന്നത്. ദ്വീപസമൂഹത്തിലെ 400 ലധികം ദ്വീപുകളിലൊന്നായ ഹൗട്ടോവാൻ 1990 കളുടെ തുടക്കത്തിൽ ആളുകൾ താമസം മാറിയതിനാൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. വളരുന്ന മത്സ്യ വ്യവസായത്തിനൊപ്പം പിടിച്ചുനിൽക്കാൻ ചെറുകിടക്കാർക്ക് കഴിയാതെ വന്നപ്പോൾ, താമസക്കാർ മറ്റ് ജോലികളും മെച്ചപ്പെട്ട ജീവിതവും തേടി പ്രധാന ഭൂപ്രദേശത്തേക്ക് കുടിയേറുകയായിരുന്നു. ഇപ്പോൾ, ഹൗട്ടോവാനിൽ താമസിക്കുന്ന ചില ഗ്രാമീണർ ടൂറിസത്തിലൂടെ വരുമാന മാർഗം കണ്ടെത്തി തിരികെയെത്തിയവരാണ്. സന്ദർശകരുടെ ഗൈഡായും ഭക്ഷണവും വെള്ളവും വിൽക്കുന്ന കടകൾ ആരംഭിച്ചും അവർ ഉപജീവനം നടത്തുന്നു