ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ അണിയറ പ്രവർത്തകർ…..
ഇതുവരെ കാണാത്ത റോളിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്നതോടെ വില്ലനിസത്തിൻ്റെ പാരാമീറ്ററുകൾ പുനർനിർവചിക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. സമീപകാല ട്രെയിലറും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢമായ എതിരാളിയെ അനാവരണം ചെയ്യുന്നു. പ്രേക്ഷകർ തീർത്തും സസ്പെൻസ്, ആക്ഷൻ, ഗൂഢാലോചന എന്നിവയുടെ ഒരു റോളർ-കോസ്റ്റർ സവാരിക്കായി കാത്തിരിക്കുകയാണ്.
വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, സ്‌ക്രീനിലെ തൻ്റെ ഭയാനകമായ സാന്നിധ്യത്താൽ കാഴ്ചക്കാരെ ആകർഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ആൻ്റി-ഹീറോയുടെ ഷൂസിലേക്ക് ചുവടുവെക്കുന്നു. ഏറെ തീവ്രതയുള്ള പോസ്റ്റർ, മായാത്ത മുദ്ര പതിപ്പിക്കുന്ന ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിൻ്റെ ഒരു നേർക്കാഴ്ച മാത്രമാണ് ഈ പോസ്റ്റർ.
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുൻപ് ഇറങ്ങിയ ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ അവതരിപ്പിക്കുന്നത്.
അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം.
വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഏപ്രിൽ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്