November 27, 2024, 11:21 pm

ആമസോൺ കാടിനുള്ളിലെ തിളച്ച് മറിയുന്ന നദി

ആമസോൺ കാട്ടിലെ തിളയ്ക്കുന്ന നദിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എപ്പോഴും തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ നദിയിൽ എന്ത് വീണാലും അത് നിമിഷ നേരങ്ങൾക്കുള്ളിൽ ജീവൻ വെടിയും. പെറുവിലെ ഗ്രാമീണർ പറഞ്ഞുകേട്ടിട്ടുള്ള ഈ നദിയുടെ കഥ സത്യമാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല. കാരണം, ഐതിഹ്യമനുസരിച്ച്, സ്പാനിഷ് വംശജർ സ്വർണം തേടി ആമസോൺ മഴക്കാടുകളിലേക്ക് പോയെന്നും തിരിച്ചെത്തിയ കുറച്ചുപേർ വിഷം കലർന്ന വെള്ളത്തെക്കുറിച്ചും, തിളയ്ക്കുന്ന നദിയെ ക്കുറിച്ചും പറഞ്ഞു എന്നുമാത്രമേ അറിവുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ആർക്കും ഇങ്ങനെ ഒരു നദിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

കുട്ടിക്കാലത്ത് കേട്ട ഈ കഥയുടെ സത്യം തേടി ആൻഡ്രൂസ് റുസോ എന്ന ഭൗമ ശാസ്ത്രജ്ഞൻ എത്തിയതോടെയാണ് ആമസോൺ കാട്ടിലെ തിളച്ചുമറിയുന്ന നദി സത്യമാണെന്ന് ലോകം അറിഞ്ഞത്. നദിയിലെ ജലത്തിന്റെ താപനില 120 ഡിഗ്രി മുതൽ 200 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ്. ചില സ്ഥലങ്ങളിൽ 16 അടി ആഴമുണ്ട് ഈ നദിക്ക്. നദീതീരത്തെ ചെളിക്ക് പോലും സഹിക്കാൻ കഴിയാത്ത ചൂടാണ്. ചർമ്മത്തിൽ ഒരു തുള്ളി വീണാൽ പോലും പൊള്ളലേൽക്കും. നദി സന്ദർശിച്ചപ്പോൾ ആൻഡ്രൂസ് റുസോ കണ്ടത് വെള്ളത്തിൽ വീണു കരിഞ്ഞുപോയ ജീവജാലങ്ങളെയാണ്. ചുട്ടുതിളക്കുന്ന നദിയ്ക്ക് ധാരാളം ഊർജ്ജമുള്ള ഒരു താപ സ്രോതസ്സ് ആവശ്യമുണ്ട്. 400 മൈലിനപ്പുറം ഒരു അഗ്നിപർവതം സ്ഥിതി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ഈ നദിക്ക് സമീപമില്ല. മാത്രമല്ല, ആമസോൺ കാട്ടിൽ അറിയപ്പെടുന്ന മാഗ്മാറ്റിക് സംവിധാനങ്ങളൊന്നുമില്ല. ഒട്ടേറെ പഠനങ്ങൾക്ക് ശേഷം ആൻഡ്രൂസ് റുസോയും സംഘവും എത്തിയ നിഗമനം വ്യത്യസ്തമാണ്. വെള്ളം ഭൂമിക്കടിയിലേക്ക്‌ ഒഴുകുന്നു, ഭൂഗർഭത്തിൽ വെച്ച് ചൂടാകുന്നു, വിള്ളലുകളിലൂടെയും മറ്റും തിളച്ചുമറിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഏറ്റവും കൗതുകകരമായ കാര്യം, പകൽ മുഴുവൻ തിളച്ചുമറിയുന്ന ഈ നദി രാത്രിയിൽ തണുക്കും. ഇപ്പോഴും നദിയെക്കുറിച്ചുള്ള പഠനങ്ങൾ സജീവമായി നടക്കുന്നുണ്ട്.

You may have missed