April 4, 2025, 1:12 am

ഖനനത്തിനിടെ അപൂര്‍വ കല്ല് കണ്ടെടുത്ത് പുരാവസ്‌തു വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ കീഴടിയില്‍ പുരോഗമിക്കുന്ന ഖനനത്തിനിടെ ക്രിസ്‌റ്റല്‍ ക്വാര്‍ട്‌സ് നിര്‍മിതമായ കല്ല് കണ്ടെത്തി പുരാവസ്‌തു വകുപ്പ്. പ്രദേശത്ത് നടക്കുന്ന പരിശോധനകളുടെ ഭാഗമായുള്ള ഒമ്പതാം ഘട്ട ഖനനത്തിലാണ് ക്രിസ്റ്റൽ ക്വാർട്‌സ് കൊണ്ട് നിർമിച്ച അപൂര്‍വമായ ഭാരക്കല്ല് കണ്ടെടുത്തത്. തമിഴ്‌നാട് പുരാവസ്‌തു വകുപ്പിലെ ഗവേഷകര്‍ വ്യക്തമാക്കുന്നതനുസരിച്ച്, മുകളിലും താഴെയും പരന്നതായുള്ള കല്ലിന് ഇടയിലായി 175 സെന്‍റിമീറ്റര്‍ മാത്രമാണ് അകലമുള്ളത്. മാത്രമല്ല, ഇതിന് രണ്ട് സെന്‍റിമീറ്റര്‍ വ്യാസവും 1.5 സെന്‍റിമീറ്റര്‍ ഉയരവുമുള്ള കല്ലിന് കേവലം എട്ട് ഗ്രാം മാത്രമാണ് ഭാരമുള്ളത്. ഇത് കൂടാതെ ശംഖിന് സമാനമായ ശിഖിമുഖകല്ലുകള്‍, ഇരുമ്പ് ആണികള്‍, ചുവന്ന ചായം പൂശിയ മണ്‍പാത്രങ്ങളുടെ കഷ്‌ണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.


ഗവേഷകർ പറയുന്നത് ഈ അസാധാരണമായ ക്രിസ്‌റ്റൽ ക്വാർട്‌സ്‌ കല്ല് പുരാതന സംഘസാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന മാർബിൾ കല്ലുകളുമായി സാമ്യമുള്ളവയാണ് എന്നാണ് . ഭാരം വഹിക്കാനുള്ള അതിന്‍റെ ശേഷിയും അക്കാലത്തെ കരകൗശലവും ശ്രദ്ധേയമാണെന്ന് മധുര സര്‍ക്കാര്‍ മ്യൂസിയത്തിലെ പുരാവസ്‌തു ഗവേഷകനായ എം.മരുതുബണ്ഡിയൻ പറഞ്ഞു.ഇത്തരമൊരു കണ്ടെത്തല്‍ അപൂർവതയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മുമ്പ് ക്വാര്‍ട്‌സ് നിര്‍മിതമായ മുത്തുകള്‍ കൊടുമണൽ ഖനനത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു ഭാരമുള്ള കല്ല് മുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ അസാധാരണമായ കണ്ടെത്തൽ നമ്മുടെ പൂർവികരുടെ സാംസ്‌കാരിക പ്രവർത്തനങ്ങളെയും സാങ്കേതിക കഴിവുകളെയും കുറിച്ച് നമുക്ക് മനസ്സിലാക്കാൻ വളരെയധികം സഹായിക്കുന്നുവെന്ന് പ്രശസ്‌ത പുരാവസ്‌തു ഗവേഷകനായ രാജനും അഭിപ്രായപ്പെട്ടു. അതേസമയം ക്രിസ്‌റ്റല്‍ ക്വാര്‍ട്‌സിന്‍റെ കല്ല് വിദൂര ഭൂതകാലത്തിലേക്ക് വെളിച്ചം വീഴുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന വ്യാപാര ശൃംഖലകളെക്കുറിച്ചും ബന്ധങ്ങളെയും കുറിച്ച് സൂചന നൽകുന്നതാണ് ഇത്. കല്ലിന്‍റെ തനതായ ഘടന അതിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള കൗതുകകരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും, ഒരുപക്ഷേ അന്നത്തെ വ്യാപാരം, വാണിജ്യം അല്ലെങ്കിൽ മതപരമായ ആചാരങ്ങളുമായി ഇവയ്‌ക്ക് ബന്ധം കാണുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല തമിഴ്‌നാടിന്‍റെ സമ്പന്നമായ ചരിത്രത്തിലേക്കും സാംസ്‌കാരിക പൈതൃകത്തിലേക്കും കടന്നുചെല്ലാനുള്ള പല ചരിത്ര അടയാളങ്ങളും കണ്ടെടുത്തിട്ടുള്ളത് ഇത്തരം ഖനനങ്ങളിലൂടെ തന്നെയായിരുന്നു.