November 27, 2024, 10:08 pm

‘കാഴ്ചയുടെ വിസ്മയം’; വെള്ളത്തിന്‌ മുകളിലൂടെ ഒഴുകി നടക്കുന്ന ഗ്രാമങ്ങള്‍

ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കരഭാഗത്ത് വസിക്കുന്നതിനു പുറമേ, വെള്ളത്തിൽ വസിക്കുന്ന കമ്മ്യൂണിറ്റികളെയും ലോകമെമ്പാടും പലയിടങ്ങളിലും കാണാം. ഉൾനാടൻ ജലാശയങ്ങളുടെ ഉപരിതലത്തിലുള്ള ഈ വാസസ്ഥലങ്ങൾ ഫ്ലോട്ടിങ് വില്ലേജുകൾ അല്ലെങ്കിൽ ബോട്ട് കമ്മ്യൂണിറ്റികൾ എന്നറിയപ്പെടുന്നു. ലോകത്തിന്‍റെ വിവിധ കോണുകളില്‍ വംശീയവും തൊഴിൽപരവുമായ കാരണങ്ങളാൽ വികസിപ്പിക്കപ്പെട്ട ഇത്തരം ഫ്ലോട്ടിംഗ് വില്ലേജുകളില്‍ പലതും ഇന്ന് ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടിയാണ്. ഇങ്ങനെ കൗതുകകരമായ ചില ഫ്ലോട്ടിംഗ് വില്ലേജുകളില്‍ ചിലത് പരിചയപ്പെടാം.

ടോണ്‍ലി സാപ്, കംബോഡിയ

കംബോഡിയയിലെ ശുദ്ധജല തടാകങ്ങളിലൊന്നായ ടോൺലി സാപ്പിൽ നിരവധി ഫ്ലോട്ടിംഗ് വില്ലേജുകളുണ്ട്. ഓരോ സീസണിലും തടാകത്തിന്‍റെ വലുപ്പത്തിലുണ്ടാകുന്ന മാറ്റത്തിനനുസൃതമായി ഇവയുടെ എണ്ണവും വ്യത്യാസപ്പെടാം.
മഴക്കാലത്ത് ഏകദേശം 31,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി കണക്കാക്കുന്ന ഈ തടാകം ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല വെള്ളപ്പൊക്ക പ്രദേശമായും കണക്കാക്കപ്പെടുന്നു. തടാകത്തിന്‍റെ ഉയർന്ന പ്രദേശങ്ങളില്‍ 170 ഓളം ഫ്ലോട്ടിംഗ് വില്ലേജുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1997 ൽ ഐക്യരാഷ്ട്രസഭയുടെ ബയോസ്ഫിയർ പട്ടികയിൽ തടാകം ഇടം നേടിയിരുന്നു.

ഡേ-അസന്‍, ഫിലിപ്പീൻസ്

ഫിലിപ്പൈൻസിലെ സുരിഗാവോ സിറ്റിയിലാണ് ഡേ-അസൻ ഫ്ലോട്ടിംഗ് വില്ലേജ്. ജലാശയങ്ങള്‍ക്ക് മുകളില്‍ മരക്കാലുകളില്‍ പൊങ്ങി നില്‍ക്കുന്ന വീടുകള്‍ ഇവിടെ സാധാരണമാണ്. ഫിലിപ്പൈൻസിലെ ഒരു പ്രധാന മത്സ്യബന്ധന ഗ്രാമമായ ഇവിടെ ഏകദേശം 1, 800 ആളുകൾ താമസിക്കുന്നു എന്നാണു കണക്ക്.
‘സുരിഗാവോ നഗരത്തിലെ ലിറ്റിൽ വെനീസ്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആഴം കുറഞ്ഞ വെള്ളത്തിൽ തടി ഉറപ്പിച്ച്, അതിനു മുകളിലായോ പാറക്കൂട്ടങ്ങളിലോ വീടുകൾ നിർമ്മിക്കുന്നത് ഇവിടെ സാധാരണയാണ്. വീടുകള്‍ക്ക് പുറമേ, പൊതുയോഗങ്ങൾക്കായി പുരോക് സെന്‍ററുകൾ എന്നറിയപ്പെടുന്ന വില്ലേജ് മീറ്റിംഗ് ഹൌസുകളും ഗ്രാമത്തിലുണ്ട്.

You may have missed